ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം നേടിയ എം എസ് ധോണിയെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രശംസിച്ചു. ധോണിയുടെ നേതൃത്വപാടവവും മികച്ച പ്രകടനവും സ്റ്റാലിന്‍ എടുത്തുപറഞ്ഞു.
ദുബായ്: കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തിയത്. ധോണിക്കൊപ്പം ന്യൂസിലന്‍ഡിന്റെ ഡാനിയേല്‍ വെട്ടോറി, ദക്ഷിണാഫ്രിക്കയുടെ ഗ്രേം സ്മിത്ത്, ഹാഷിം അംല, ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡന്‍ പാകിസ്ഥാന്റെ സന മിര്‍, ഇംഗ്ലണ്ടിന്റെ സാറ ടൈലര്‍ എന്നിവരേയും ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തി. 2004ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ധോണി 538 മത്സരങ്ങളില്‍ നിന്ന് 17,266 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയെ ട്വന്റി 20, ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍ ഇടംപടിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. ഇതിഹാസ താരങ്ങള്‍ക്കൊപ്പം ഇടം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ധോണി പറഞ്ഞു.
ഇപ്പോള്‍ ധോണിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകായാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ടതിങ്ങനെ... ''ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിച്ച് എംഎസ് ധോണിക്ക് അഭിനന്ദനങ്ങള്‍. ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച താങ്കള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റമ്പിംഗുകള്‍ നടത്തിയതിന്റെ റെക്കോര്‍ഡും സ്വന്തമാക്കി. എല്ലാ ഐസിസി ട്രോഫികളും സ്വന്തമാക്കിയ ക്യാപ്റ്റനായ താങ്കള്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്കും നയിച്ചു. ചാമ്പ്യന്‍സ് ലീഗ് വിജയങ്ങളും നേടി തന്നു. നിങ്ങള്‍ മികവിന്റെ ഒരു പാരമ്പര്യം തന്നെ താങ്കള്‍ക്കുണ്ട്. ശാന്തതയോടെ താങ്കള്‍ ടീമിനെ നയിച്ചു. വിക്കറ്റ് കീപ്പിംഗിനെ ഒരു കലയാക്കി മാറ്റി. വ്യക്തതയിലൂടെ ഒരു തലമുറയെ പ്രചോദിപ്പിച്ചു. നിങ്ങളുടെ യാത്ര ഇപ്പോള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.'' സ്റ്റാലിന്‍ പറഞ്ഞു.
43കാരനായ ധോണി ഇപ്പോഴും ഐപിഎല്‍ കളിക്കുന്നുണ്ട്. വിരമിക്കുന്നതിന് കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അടുത്തിടെ ധോണി പറഞ്ഞിരുന്നു. 'ആരാധകരില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹവും വാത്സല്യവും വളരെ വലുതാണെന്ന് ഞാന്‍ കരുതുന്നു. എനിക്ക് 43 വയസ്സായി എന്ന കാര്യം മറക്കുന്നില്ല. അതിനാല്‍ ഞാന്‍ വളരെക്കാലമായി കളിക്കുന്നു. ആരാധകരില്‍ മിക്കവര്‍ക്കും എന്റെ അവസാന മത്സരം എപ്പോഴാണെന്ന് ശരിക്കും അറിയില്ല. അതിനാല്‍ അവര്‍ എന്നെ പിന്തുണയ്ക്കാനും എന്റെ കളി കാണാനും ആഗ്രഹിക്കുന്നു.' ധോണി പറഞ്ഞു.
'ഐപിഎല്ലിന് ശേഷം എന്റെ ശരീരത്തിന് സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുമോ എന്ന് മനസിലാക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇത് രണ്ട് മാസത്തെ കാലയളവാണ്. ഇപ്പോള്‍ എനിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല,' ധോണി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് സീസണുകളായി ഐപിഎല്ലിലെ ധോണിയുടെ ഭാവി ഒരു പ്രധാന ചര്‍ച്ചാ വിഷയമായി തുടരുകയാണ്. ഇതിഹാസ നായകന്‍ തന്റെ സമ്പന്നമായ കരിയര്‍ എപ്പോള്‍ അവസാനിപ്പിക്കുമെന്ന് അറിയാനായി ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ഒരുപോലെ കാത്തിരിക്കുകയാണ്.
2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും ധോണി ഐപിഎല്ലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലില്‍ ചെന്നൈയെ 5 തവണ കിരീടത്തിലേയ്ക്ക് നയിക്കാന്‍ ധോണിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.