മുംബൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് അന്വേഷണവുമായി ബിസിസിഐ. ഐപിഎല്ലില്‍ കളിക്കുന്ന താരവും രഞ്ജി ടീം പരിശീലകനും ഒത്തുകളിയില്‍ ഭാഗമായതായ ആരോപണങ്ങളെത്തുടര്‍ന്നാണ് ബിസിസിഐയുടെ അഴിമതിവിരുദ്ധ സമിതി അന്വേഷണം തുടങ്ങിയത്.

ഒരു ടീമിന്റെ ഉടമയുമായി ചേര്‍ന്ന് അനധികൃത ഇടപാടുകളിലൂടെ വാതുവെപ്പുകാര്‍ ടീമില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുകയും  വാതുവെപ്പ് നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. വാതുവെപ്പില്‍ പങ്കാളികളായവര്‍ തമ്മില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ ഇത്തരമൊരു സംഭവം വെളിച്ചത്തുവരാന്‍ കാരണമെന്നാണ് നിഗമനം. ഏതൊക്കെ കളിക്കാരെയാണ് വാതുവെപ്പുകാര്‍ സമീപിച്ചതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും.

അനൗദ്യോഗിക ടി20 ലീഗുകളുമായി ബന്ധപ്പെട്ട് വ്യാപകമായ തോതില്‍ വാതുവെപ്പ് നടക്കുന്നുവെന്ന് മുമ്പും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ബിസിസിഐ അംഗീകാരമുള്ള ഒരു ടൂര്‍ണമെന്റിനെതിരെ ഗുരുതരമായ ആരോപണം ഉയരുന്നത് ഇതാദ്യമാണ്.

നാലു വര്‍ഷം മുമ്പ് എം എസ് ധോണി ഉദ്ഘാടനം ചെയ്ത് തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ എട്ടു ടീമുകളാണ് മത്സരിക്കുന്നത്. അശ്വിന്‍, മുരളി വിജയ്, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങഇയ ഇന്ത്യന്‍ താരങ്ങളും ലീഗില്‍ വിവിധ ടീമുകളുടെ ഭാഗമാണ്.