ബംഗളൂരു: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഹരിയാന, മുംബൈ, തമിഴ്‌നാട് എന്നീ ടീമുകള്‍ക്ക് ജയം. മുംബൈ ഏഴ് വിക്കറ്റിന് കര്‍ണാടകയെ തകര്‍ത്തപ്പോള്‍ ബറോഡയ്‌ക്കെതിരെ 10 വിക്കറ്റിന്റെ വന്‍ ജയമാണ് ഹരിയാന സ്വന്തമാക്കിയത്. തമിഴ്‌നാട് നാല് വിക്കറ്റിന് പഞ്ചാബിനെ തോല്‍പ്പിച്ചു.

തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന കര്‍ണാടകയ്‌ക്കെതിരെ ആധികാരികമായിരുന്നു മുംബൈയുടെ പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ മുംബൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവ് (53 പന്തില്‍ പുറത്താവാതെ 94), ശിവം ദുബെ (18 പന്തില്‍ പുറത്താവാതെ 22), പൃഥ്വി ഷാ (17 പന്തില്‍ 30) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യന്‍ താരം ശ്രേയാസ് അയ്യര്‍ 14 റണ്‍സെടുത്ത് പുറത്തായി.

നേരത്തെ രോഹന്‍ പ്രമോദ് (47 പന്തില്‍ 71), ദേവ്ദത്ത് പടിക്കല്‍ (34 പന്തില്‍ 57) എന്നിവരുടെ പ്രകടനമാണ് കര്‍ണാടകയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കെ എല്‍ രാഹുല്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്തായി. മനീഷ് പാണ്ഡെ (4), കരുണ്‍ നായര്‍ (8) എന്നിവരും നിരാശപ്പെടുത്തി. ഷാര്‍ദുല്‍ ഠാകൂര്‍, ദുബെ എന്നിവര്‍ മുംബൈക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. 

തമിഴ്‌നാടിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 33 റണ്‍സെടുത്ത മായങ്ക് മര്‍കണ്ഡെയാണ് ടോപ് സ്‌കോറര്‍. ഓപ്പണറായെത്തിയ ശുഭ്മാന്‍ ഗില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. സിദ്ധാര്‍ത്ഥ് മണിമാരന്‍, സായ് കിഷോര്‍ എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു. നാല് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത വാഷിംഗ്ടണ്‍ സുന്ദറിന്റെ പ്രകടനം നിര്‍ണായകമായി. തമിഴ്‌നാട്് 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു. മൂന്നാമനായി ക്രീസിലെത്തി പുറത്താവാതെ 45 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് വിജയശില്‍പി. വിജയ് ശങ്കര്‍ 24 റണ്‍സെടുത്തു. 

ഹരിയാനയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബറോഡയ്ക്ക് നിശ്ചിത ഓവറില്‍ 138 റണ്‍സെടുക്കാനാണ് സാധിച്ചത്. 45 റണ്‍സെടുത്ത യൂസഫ് പഠാന്‍ മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ ഹരിയാന 17.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ചൈതന്യ ബിഷ്‌നോയ് (41 പന്തില്‍ 56) ശിവം ഋഷിപാല്‍ (37 പന്തില്‍ പുറത്താവാതെ 50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.