ബംഗ്ലാദേശിനായി 78 രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് മുപ്പത്തിമൂന്നുകാരനായ തമീം ഇക്‌ബാല്‍

ജോര്‍ജ്‌ടൗണ്‍: ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ തമീം ഇക്‌ബാല്‍(Tamim Iqbal) രാജ്യാന്തര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതിന് പിന്നാലെയാണ് തമീമിന്‍റെ പ്രഖ്യാപനം. 'രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായി കണക്കാക്കുക. എല്ലാവര്‍ക്കും നന്ദി' എന്നും തമീം ഫേസ്‌ബുക്കില്‍ കുറിച്ചു. 

ബംഗ്ലാദേശിനായി 78 രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് മുപ്പത്തിമൂന്നുകാരനായ തമീം ഇക്‌ബാല്‍. 24.08 ശരാശരിയിലും 117.2 സ്‌ട്രൈക്ക് റേറ്റിലും 1758 റണ്‍സ് നേടി. ഒരു സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറികളും നേടിയപ്പോള്‍ 103 ആണ് ഉയര്‍ന്ന സ്കോര്‍. 189 ഫോറും 45 സിക്‌സറുകളും നേടി. 2007ല്‍ കെനിയക്ക് എതിരെയായിരുന്നു രാജ്യാന്തര ടി20യിലെ അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം സിംബാബ്‌വേക്കെതിരെ അവസാന ടി20 മത്സരം കളിച്ചു. മത്സരത്തില്‍ 33 പന്തില്‍ 41 റണ്‍സ് നേടി. രാജ്യാന്തര ടി20യില്‍ സെഞ്ചുറി നേടിയ ഏക ബംഗ്ലാദേശ് ബാറ്ററാണ് തമീം ഇക്‌ബാല്‍. ഫോര്‍മാറ്റില്‍ ബംഗ്ലാദേശിന്‍റെ ഉയര്‍ന്ന മൂന്നാമത്തെ റണ്‍വേട്ടക്കാരനെന്ന നേട്ടവും സ്വന്തം. 

ടെസ്റ്റില്‍ 69 മത്സരങ്ങളില്‍ 10 സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും സഹിതം 5082 റണ്‍സ് തമീം ഇക്‌ബാലുണ്ട്. 228 ഏകദിനങ്ങളില്‍ 14 ശതകങ്ങളോടെ 7943 റണ്‍സും സ്വന്തം. തമീം ഇക്‌ബാലിന് കീഴില്‍ ആദ്യ ഏകദിനം ആറ് വിക്കറ്റിനും രണ്ടാമത്തേത് 9 വിക്കറ്റിനും മൂന്നാമത്തേത് 4 വിക്കറ്റിനും ജയിച്ചാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ബംഗ്ലാദേശ് തൂത്തുവാരിയത്. 

PV Sindhu : സിംഗപ്പൂര്‍ ഓപ്പണ്‍; പി വി സിന്ധുവിന് കിരീടം