മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ട്വന്‍റി 20യ്‌ക്കും ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങൾക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരുക്കിൽ നിന്ന് മോചിതനായ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുമ്ര ട്വന്റി 20, ഏകദിന ടീമുകളിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമിലുണ്ട്., മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. 

തുടർച്ചയായി മത്സരങ്ങളിൽ കളിക്കുന്ന രോഹിത് ശർമ്മയ്‌ക്കും മുഹമ്മദ് ഷമിക്കും ട്വന്‍റി ടീമിൽ നിന്ന് വിശ്രമം നൽകി. പരുക്കിൽ നിന്ന് മോചിതനായ ശിഖർ ധവാനും ട്വന്റി 20, ഏകദിന ടീമുകളിൽ തിരിച്ചെത്തി.

പരിക്കുമൂലം ഏറെനാളായി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ബുമ്ര. വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിന് മുന്‍പ് വിശാഖപട്ടണത്ത് ബുമ്ര നെറ്റ്‌സില്‍ പന്തെറിഞ്ഞിരുന്നു. ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് ലങ്കയ്‌ക്ക് എതിരായ ആദ്യ ടി20 നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി 14ന് ആരംഭിക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്പരയിലും മൂന്ന് മത്സരങ്ങള്‍ ഇന്ത്യ കളിക്കും.