ആദ്യ ഏകദിനത്തിലെ ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലെ ഫെഹ്‌ലൂക്വായോയുടെ സ്‌പെല്‍ ഓര്‍മ്മിപ്പിച്ചാണ് കള്ളിനന്‍റെ വാക്കുകള്‍

പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര നഷ്‌ടമാകാതിരിക്കാന്‍ ഇന്നിറങ്ങുകയാണ് ടീം ഇന്ത്യ. ആദ്യ ഏകദിനത്തില്‍ 31 റണ്‍സിന് തോറ്റ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ (South Africa vs India 2nd ODI) വിജയിക്കാതെ തരമില്ല. നിര്‍ണായക മത്സരത്തില്‍ ഒരു പരീക്ഷണത്തിന് ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ (KL Rahul) തയ്യാറാവണം എന്ന് അഭ്യര്‍ഥിക്കുകയാണ് പ്രോട്ടീസ് മുന്‍ ബാറ്റര്‍ ഡാരില്‍ കള്ളിനന്‍ (Daryll Cullinan). ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യറെ (Venkatesh Iyer) കൊണ്ട് ബൗള്‍ ചെയ്യിക്കണം എന്നാണ് കള്ളിനന്‍റെ ആവശ്യം. 

ആദ്യ ഏകദിനത്തിലെ ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലെ ഫെഹ്‌ലൂക്വായോയുടെ സ്‌പെല്‍ ഓര്‍മ്മിപ്പിച്ചാണ് കള്ളിനന്‍റെ വാക്കുകള്‍. 'വെങ്കടേഷ് അയ്യര്‍ ബൗള്‍ ചെയ്യണം. കീപ്പറെ മുന്നോട്ടുനിര്‍ത്തി ഫെഹ്‌ലൂക്വായോ ചെയ്തത് നമുക്ക് മുന്നിലുണ്ട്. ആ വേരിയേഷനുകള്‍ നല്‍കാന്‍ വെങ്കടേഷിനുമായേക്കും. അദേഹം കളിക്കുന്നുണ്ടെങ്കില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത അദേഹത്തിന്‍റെ ബൗളിംഗ് മികവ് പരിശോധിക്കാനുള്ള അവസരം കൂടിയായി അത് മാറുമെന്നും' ഡാരില്‍ കള്ളിനന്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. ആദ്യ ഏകദിനത്തില്‍ അഞ്ച് ഓവറുകളെറിഞ്ഞ ഫെഹ്‌ലൂക്വായോ 26 റണ്‍സ് വിട്ടുകൊടുത്ത് റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍ എന്നിവരെ പുറത്താക്കിയിരുന്നു. 

വിമര്‍ശനം രാഹുലിന് 

ആദ്യ ഏകദിനത്തില്‍ ഒരു പന്ത് പോലും എറിയാന്‍ വെങ്കടേഷ് അയ്യര്‍ക്ക് അവസരം നല്‍കാതിരുന്ന രാഹുലിന്‍റെ ക്യാപ്റ്റന്‍സി വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഓള്‍റൗണ്ടറായ താരത്തെ ബാറ്റിംഗില്‍ മാത്രം ആശ്രയിക്കുന്നത് മുന്‍ താരങ്ങളായ ഗൗതം ഗംഭീറും ആകാശ് ചോപ്രയും ചോദ്യം ചെയ്തിരുന്നു. ഒരു മികച്ച ഓള്‍റൗണ്ടറെ ലക്ഷ്യം വെക്കുന്നതിനാല്‍ അഞ്ചോ ആറോ ഓവറുകള്‍ വെങ്കടേഷിന് നല്‍കണം എന്നായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. എനിക്കറിയില്ല, ഞാനും നിങ്ങളും മാത്രമേ വെങ്കടേഷിനെ കുറിച്ച് ഇത്തരത്തില്‍ ചിന്തിക്കുന്നുള്ളൂ എന്നായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ പദ്ധതികളെ വിമര്‍ശിച്ച് ചോപ്രയുടെ മറുപടി. 

പാളില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ഏകദിനം തുടങ്ങുക. പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍ രണ്ടാം തോൽവി ഒഴിവാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. പരീക്ഷണങ്ങള്‍ക്ക് അപ്പുറം ജയം തന്നെയാകും രണ്ടാം ഏകദിനത്തിൽ ടീമുകള്‍ മുന്നില്‍ക്കാണുന്നത്. ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിച്ച ശേഷം പന്തേൽപ്പിക്കുന്നില്ലെങ്കില്‍ വെങ്കടേഷ് അയ്യരെ നിലനിര്‍ത്തണോയെന്നതിൽ ചര്‍ച്ച സജീവമാണ്. സ്‌പിന്നര്‍മാരിൽ നിന്ന് കൂടുതൽ വിക്കറ്റുകള്‍ ലഭിച്ചാലേ റൺഒഴുക്ക് തടയാനാകൂ എന്നതും ഇന്ത്യന്‍ ടീമിന് പ്രധാനം. 

T20 WC 2022 fixtures : ടി20 ലോകകപ്പ്; തീപാറും മത്സരക്രമം പുറത്ത്, ഇന്ത്യയുടെ ആദ്യ എതിരാളികള്‍ പാകിസ്ഥാന്‍!