അക്‌സര്‍ പട്ടേല്‍ വെടിക്കെട്ട് ഇന്ത്യക്ക് സമ്മാനിച്ചത് പരമ്പര മാത്രമല്ല, ലോക റെക്കോര്‍ഡും, അതും പാകിസ്ഥാന്‍റെ നേട്ടം തകര്‍ത്ത്
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വിന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍(WI vs IND 2nd ODI) തോറ്റെന്ന് ഉറപ്പിച്ചയിടത്തുനിന്ന് എം എസ് ധോണിയെ ഓര്‍മ്മിപ്പിച്ച വെടിക്കെട്ടിലൂടെ അക്‌സര്‍ പട്ടേല്‍(Axar Patel) ഇന്ത്യക്ക് പരമ്പര ജയം സമ്മാനിച്ചിരുന്നു. ഏകദിന ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ചേസിംഗ് ഇന്നിംഗ്‌സുകളിലൊന്നിലൂടെ അക്‌സര്‍ ടീമിന്(Indian National Cricket Team) സമ്മാനിച്ചത് പരമ്പര മാത്രമല്ല, ഒരു ലോക റെക്കോര്‍ഡ് കൂടിയാണ്. ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന പരമ്പരകള്‍ തുടര്‍ച്ചയായി ജയിച്ചതിന്‍റെ റെക്കോര്‍ഡാണ് ടീം ഇന്ത്യക്ക് സ്വന്തമായത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ 2007-2022 കാലത്തായി തുടര്‍ച്ചയായുള്ള 12-ാം ഏകദിന പരമ്പര ജയമാണ് ഇന്ത്യ നേടിയത്. 2006ലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ അവസാനമായി ഏകദിന പരമ്പര തോറ്റത്. സിംബാബ്‌വേക്കെതിരെ 1996-2021 കാലഘട്ടത്തിലായി തുടര്‍ച്ചയായി 11 ഏകദിന പരമ്പരകള്‍ ജയിച്ച പാകിസ്ഥാന്‍റെ റെക്കോര്‍ഡ് ഇന്ത്യ തകര്‍ത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരെ 1999-2022 കാലത്ത് 10 പരമ്പര ജയങ്ങളുമായി പാകിസ്ഥാന്‍ തന്നെയാണ് മൂന്നാം സ്ഥാനത്തും.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇക്കുറി മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ 3 റണ്ണിന് ജയിച്ച ഇന്ത്യ രണ്ടാം ഏകദിനത്തില്‍ 2 വിക്കറ്റ് ജയത്തോടെ വെന്നിക്കൊടി പാറിച്ചു. രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് മുന്നോട്ടുവെച്ച 312 റണ്‍സ് വിജയലക്ഷ്യം 49.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ നേടുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ 13ല്‍ പുറത്തായപ്പോള്‍ ശുഭ്‌മാന്‍ ഗില്‍ 43 ഉം ശ്രേയസ് അയ്യര്‍ 63 ഉം സഞ്ജു സാംസണ്‍ 54 ഉം റണ്‍സെടുത്തു. 35 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പെടെ പുറത്താകാതെ 64 റണ്‍സെടുത്ത അക്‌സര്‍ പട്ടേലാണ് ഇന്ത്യയുടെ വിജയശില്‍പിയും മത്സരത്തിലെ താരവും. ജയിക്കാന്‍ 74 പന്തില്‍ 144 റണ്‍സ് വേണ്ടപ്പോഴാണ് അക്‌സര്‍ ക്രീസിലെത്തിയത്. അപ്രതീക്ഷിത വെടിക്കെട്ടുമായി പക്ഷേ അക്‌സര്‍ ഇന്ത്യയെ ജയിപ്പിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്(135 പന്തില്‍ 115), നായകന്‍ നിക്കോളാസ് പുരാന്‍(77 പന്തില്‍ 74) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 311 റണ്‍സെടുത്തു. കെയ്‌ല്‍ മയേര്‍സ് 39 ഉം ഷമാര്‍ ബ്രൂക്ക്‌സ് 35 ഉം റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വിന്‍ഡീസ് 300 റണ്‍സ് പിന്നിട്ടത്. ഇന്ത്യക്കായി ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ദീപക് ഹൂഡയും അക്‌സര്‍ പട്ടേലും യുസ്‌വേന്ദ്ര ചഹാലും ഓരോ വിക്കറ്റും നേടി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനം 27-ാം തിയതി പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കും. ഇതും ജയിച്ച് പരമ്പര 3-0ന് തൂത്തുവാരാനാകും ഇന്ത്യന്‍ ശ്രമം. ഇതിന് ശേഷം അഞ്ച് ടി20കളിലും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും മുഖാമുഖം വരും.
Read more: കിട്ടിയതെല്ലാം തിരിച്ചുകൊടുത്ത് സഞ്ജു-അക്‌സര്‍ ബാറ്റിംഗ് ഷോ; ഉറക്കം മുതലായെന്ന് ആരാധകര്‍
