വാര്‍ഷിക റാങ്കിംഗ് വരുന്നതിന് മുമ്പ് ഓസീസ് 122 പോയിന്‍റുമായി ഒന്നും ഇന്ത്യ 119 പോയിന്‍റുമായി രണ്ടും സ്ഥാനങ്ങളിലായിരുന്നു

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇറങ്ങുക ഒന്നാം റാങ്കോടെ. വാര്‍ഷിക ടെസ്റ്റ് റാങ്കിംഗ് അപ്‌ഡേറ്റില്‍ ഓസ്‌ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 15 മാസം നീണ്ട ഓസീസ് മേധാവിത്വത്തിനാണ് ഇതോടെ വിരാമമായത്. ഒന്നാമതുള്ള ഇന്ത്യക്ക് 121 ഉം രണ്ടാംസ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക് 116 ഉം റേറ്റിംഗ് പോയിന്‍റാണുള്ളത്. 114 റേറ്റിംഗ് പോയിന്‍റുമായി ഇംഗ്ലണ്ട് മൂന്നും 104 റേറ്റിംഗ് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക നാലും 100 റേറ്റിംഗ് പോയിന്‍റുമായി ന്യൂസിലന്‍ഡ് അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

വാര്‍ഷിക റാങ്കിംഗ് വരുന്നതിന് മുമ്പ് ഓസീസ് 122 പോയിന്‍റുമായി ഒന്നും ഇന്ത്യ 119 പോയിന്‍റുമായി രണ്ടും സ്ഥാനങ്ങളിലായിരുന്നു. മെയ് 2020നും മെയ് 2022നും ഉള്ളില്‍ പൂര്‍ത്തിയായ എല്ലാ പരമ്പരകളും കണക്കിലെടുത്താണ് വാര്‍ഷിക റാങ്കിംഗ് പ്രഖ്യാപിക്കുന്നത്. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴാം തിയതിയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സൂപ്പര്‍ ഫൈനല്‍ നടക്കുക. കഴിഞ്ഞ കലാശപ്പോരില്‍ ന്യൂസിലന്‍ഡിനോട് കൈവിട്ട കിരീടം തിരിച്ചുപിടിക്കാനാണ് ടീം ഇന്ത്യ ഇറങ്ങുക. ഇന്ത്യയെ രോഹിത് ശര്‍മ്മയും ഓസ്ട്രേലിയയെ പാറ്റ് കമ്മിന്‍സും നയിക്കും. കലാശപ്പോരിനുള്ള സ്‌ക്വാഡിനെ ടീം ഇന്ത്യ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ശക്തമായ ടീമുകളുമായാണ് ഇരു ടീമുകളും ഓവലിലെ ഫൈനലിന് ഇറങ്ങുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌കട്ട്. 

Read more: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ടീം ഇന്ത്യക്ക് പരിക്ക്, ഫിറ്റ്‌നസ് ആശങ്കകള്‍, രണ്ട് പേര്‍ സംശയത്തില്‍