ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള നിർണായക സെലക്ഷൻ കമ്മിറ്റി യോഗം തിങ്കളാഴ്‌ച മുംബൈയിൽ ചേരും

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള(Asia Cup 2022) ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ഹാർദിക് പാണ്ഡ്യയെ(Hardik Pandya) ടി20 ടീമിന്‍റെ സ്ഥിരം വൈസ് ക്യാപ്റ്റനായി തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രോഹിത് ശര്‍മ്മ(Rohit Sharma) തന്നെയായിരിക്കും ടീമിനെ നയിക്കുക. ഈ മാസം 27 മുതലാണ് ഏഷ്യാ കപ്പ്. ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം തന്നെയായിരിക്കും ഏഷ്യാ കപ്പിലും ഇറങ്ങുക എന്ന അഭ്യൂഹത്തിനിടെയാണ് ടീം പ്രഖ്യാപനം വരുന്നത്. മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) ഇടംപിടിക്കുമോ എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ.

ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള നിർണായക സെലക്ഷൻ കമ്മിറ്റി യോഗം തിങ്കളാഴ്‌ച മുംബൈയിൽ ചേരും. ക്യാപ്റ്റൻ രോഹിത് ശർമ്മയും കോച്ച് രാഹുൽ ദ്രാവിഡും ഫ്ലോറിഡയിൽ നിന്ന് ഓൺലൈനായി പങ്കെടുക്കും. 17 അംഗ ടീമിനെയാകും പ്രഖ്യാപിക്കുക. രോഹിത്തിനൊപ്പം കെ എൽ രാഹുൽ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തും. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് തിരിച്ചുവരവിന് രാഹുല്‍ തയ്യാറെടുക്കുന്നത്. വിരാട് കോലിക്കും ഇടവേള കഴിഞ്ഞുള്ള തിരിച്ചുവരവാകും ഏഷ്യാ കപ്പ്. മോശം ഫോമിലാണെങ്കിലും മൂന്നാം സ്ഥാനത്ത് മടങ്ങിവരവില്‍ കോലി സ്ഥാനമുറപ്പിക്കാനാണ് സാധ്യത. സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ എന്നിവരും ടീമില്‍ ഉറപ്പാണ്. 

ഇടംപിടിക്കുമോ സഞ്ജു? 

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിലൊരാളെ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വിന്‍ഡീസിനെതിരായ നാലാം ടി20യില്‍ മോശമല്ലാത്ത പ്രകടനം കാഴ്‌‌ചവെച്ച സഞ്ജുവിന് ഇന്ന് അവസാന ടി20യിലെ പ്രകടനം നിര്‍ണായകമാകും. രവീന്ദ്ര ജഡേജക്ക് കൂട്ടായി രവി അശ്വിനും യുസ്‌വേന്ദ്ര ചഹലും എത്തിയേക്കും. ജസ്‌പ്രീത് ബുമ്രയ്ക്കും ഭുവനേശ്വർ കുമാറിനുമൊപ്പം അർഷ്ദീപ് സിംഗിനേയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. വിന്‍ഡീസിനെതിരായ ഫോമും ഡെത്ത് ഓവര്‍ മികവും അര്‍ഷ്‌ദീപിന് ഏറെ അനുകൂലം. പരിക്കേറ്റ ഹർഷൽ പട്ടേലിന് ഏഷ്യാ കപ്പ് നഷ്ടമാകുമെന്നുറപ്പായിട്ടുണ്ട്. ഈ മാസം 27ന് യുഎഇയിലാണ് ഏഷ്യാ കപ്പിന് തുടക്കമാകുന്നത്. 

ഇന്നലെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യില്‍ സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 23 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടി. രണ്ട് ഫോറും ഒരു സിക്‌സും താരം സ്വന്തമാക്കി. ഫീല്‍ഡിംഗില്‍ ജേസന്‍ ഹോള്‍ഡറുടെ ക്യാച്ചും നിക്കോളാസ് പുരാന്‍റെ തകര്‍പ്പന്‍ റണ്ണൗട്ടുമായും സഞ്ജു തിളങ്ങി. ഇന്ന് വിന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു കളിക്കുമെന്നുറപ്പാണ്. 

കണക്കില്‍ സഞ്ജു പവറാടാ, പവര്‍; രോഹിത്, കോലി, റിഷഭ്... കൊമ്പന്‍മാരെല്ലാം ഏറെ പിന്നില്‍