2017 ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടു. പിന്നാലെ നടന്ന ഏകദിന ലോകകപ്പിലെ സെമിയില്‍ ന്യൂസിലന്‍ഡിനോടും തോറ്റ് പുറത്തായി.

ദില്ലി: ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാതെയാണ് രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകസ്ഥാനത്ത്് നിന്നൊഴിഞ്ഞത്. അവസാനം അദ്ദേഹത്തിന് കീഴില്‍ കളിച്ച ടി20 ലോകകപ്പിന്റെ ഗ്രൂപ്പഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായി. 2017 ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടു. പിന്നാലെ നടന്ന ഏകദിന ലോകകപ്പിലെ സെമിയില്‍ ന്യൂസിലന്‍ഡിനോടും തോറ്റ് പുറത്തായി. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ന്യൂസിലന്‍ഡിനോട് തോല്‍ക്കാനായിരുന്നു വിധി. 

്എന്നാല്‍ ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന് ഒന്നാമതെത്താന്‍ സാധിച്ചിരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ ഒന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ ജയിക്കാന്‍ ഇന്ത്യക്കായി. 2019ല്‍ ഓസ്‌ട്രേലിക്കെതിരെ പരമ്പര നേടിയപ്പോള്‍ ശാസ്ത്രി പറഞ്ഞ വാചകം ഏറെ ചര്‍ച്ചയായിരുന്നു. 1983ലെ ലോകകപ്പിനേക്കാള്‍ വലിയ വിജയം എന്നാണ് ശാസ്ത്രി പറഞ്ഞ്. 

അന്നത്തെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ശാസ്ത്രിയെ താരതമ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ശാസ്ത്രി പറഞ്ഞ നിലവാരമില്ലാത്ത പ്രസ്താവനയൊന്നും ദ്രാവിഡില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. ശാസ്ത്രിക്കെതിരെ കടുത്ത വിമര്‍ശനവും ഗംഭീര്‍ ഉന്നയിക്കുന്നുണ്ട്. 

ഗംഭീറിന്റെ വാക്കുകള്‍... ''വിനയമാണ് പ്രധാനമായിട്ടും വേണ്ടത്. മോശം രീതിയില്‍ കളിച്ചാലും നല്ലതുപോലെ കളിച്ചാലും വിനയത്തോടെ സംസാരിക്കണം. ടീമിനെ വിജയങ്ങളേയും പ്രകടനത്തേയും കുറിച്ച് മറ്റുള്ളവരാണ് സംസാരിക്കേണ്ടത്. അല്ലാതെ മറ്റൊരു നേട്ടത്തെ ഇകഴ്ത്തി മറ്റൊന്നിനെ പുകഴ്ത്തി പറയുന്നത് നിലവാരമില്ലായ്മയാണ്. രാഹുല്‍ ദ്രാവിഡില്‍ നിന്ന് അത്തരത്തിലൊന്ന് ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ്.'' ഗംഭീര്‍ പറഞ്ഞു.

2011 ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ഈ ടീം ലോകത്തിലെ മികച്ചതാണെന്ന് ടീമിലെ ആരും പ്രസ്താവന ഇറക്കിയിട്ടില്ലായിരുന്നുവെന്നും ഗംഭീര്‍ ഓര്‍മിപ്പിച്ചു. ''നന്നായി കളിക്കുമ്പോള്‍ ആരും സ്വന്തം പ്രകടനത്തെ കുറിച്ച് പറയാറില്ല. മറ്റുള്ളവര്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷം മാത്രം. 2011ല്‍ ഞങ്ങള്‍ ഏകദിന ലോകകപ്പ് ജയിച്ചു. ഞങ്ങളാരും പ്രസ്താവന ഇറക്കിയില്ല ഇന്ത്യന്‍ ടീം ലോകത്തിലെ മികച്ചതാണെന്ന്.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ് ദ്രാവിഡ് മുഴുവന്‍ സമയ പരിശീലകനായി ഉത്തരവാദിത്തം ഏറ്റെടുത്തത്. ശേഷം രണ്ട് ടെസ്റ്റുകളും ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കളിക്കുന്നുണ്ട്.