മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് തിരികെ വിളിക്കുന്നതിൽ അർത്ഥമില്ലെന്ന് മുൻ താരം ദിനേശ് കാർത്തിക് വ്യക്തമാക്കി. ഇന്ത്യ ഷമിയെ ഒഴിവാക്കി മുന്നോട്ട് പോയെന്നും മറ്റ് മികച്ച പേസർമാർ ടീമിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ: മുഹമ്മദ് ഷമിയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തികിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും മറ്റ് ചില കാരണങ്ങളും കാരണം 2025ലാണ് ഷമി അവസാനമായി ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും, ദേശീയ ടീമിലേക്കുള്ള ഷമിയുടെ തിരിച്ചുവരവ് പ്രതീക്ഷകള്‍ ഓരോ ദിവസവും മങ്ങിക്കൊണ്ടിരിക്കുകയാണ്.

ബിസിസിഐ ചീഫ് സെലക്ടര്‍ സ്ഥാനത്ത് അജിത് അഗര്‍ക്കര്‍ മാറിയാല്‍ പോലും ഷമിയെ തിരികെ വിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, ഇന്ത്യന്‍ ടീം ഇതിനകം തന്നെ ഷമിയെ ഒഴിവാക്കി മുന്നോട്ട് പോയിക്കഴിഞ്ഞുവെന്നും കാര്‍ത്തിക് വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ 2-1ന് വിജയിച്ചെങ്കിലും ഇന്ത്യന്‍ ടീമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്നും കാര്‍ത്തിക് പറഞ്ഞു. എങ്കിലും, ഈ സാഹചര്യത്തിലും ഷമിയെ ടീമിലേക്ക് തിരികെ വിളിക്കുന്നത് ശരിയായ തീരുമാനമായിരിക്കില്ലെന്നാണ് കാര്‍ത്തിക് കരുതുന്നത്.

കാര്‍ത്തികിന്റെ വാക്കുകള്‍... ''ഇല്ല, വേറെയും മികച്ച പേസര്‍മാരുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യ ഷമിയെ പിന്തള്ളി മുന്നോട്ട് പോയിക്കഴിഞ്ഞു. ഇനി തിരികെ പോകുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ ഷമി വളരെ നന്നായി പന്തെറിയുന്നുണ്ടെങ്കിലും ഞാന്‍ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല.'' കാര്‍ത്തിക് പറഞ്ഞു. നിലവില്‍ അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരാണ് പേസ് നിരയിലെ പ്രധാന താരങ്ങള്‍. ഇതിനുപുറമെ ഗുര്‍നൂര്‍ ബ്രാര്‍, ആഖിബ് നബി, അന്‍ഷുല്‍ കാംബോജ് തുടങ്ങിയ യുവതാരങ്ങള്‍ക്കും അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.

അതേസമയം, രോഹിത് ശര്‍മ്മയും വിരാട് കോലിയും ഇന്ത്യന്‍ ടീമിനായി തുടര്‍ന്നും കളിക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കാര്‍ത്തിക് വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ ലോകകപ്പിന് ശേഷം ഈ സീനിയര്‍ താരങ്ങള്‍ വിരമിച്ചാല്‍ ഏകദിന ക്രിക്കറ്റിന്റെ ഭാവി പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''അവര്‍ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ട് പേരുകളാണ്. ലോക ക്രിക്കറ്റിന്റെ കേന്ദ്രമായ ഇന്ത്യയില്‍ നിന്ന് മികച്ച രണ്ട് കളിക്കാര്‍ വിടപറയുമ്പോള്‍ അത് തീര്‍ച്ചയായും വലിയ ആഘാതമുണ്ടാക്കും.'' കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

YouTube video player