പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടക്കും. ടി20ക്ക് പുറമെ ഏകദിന പരമ്പരയിലും സമ്പൂര്‍ണ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ അവസാന ഏകദിനം കൂടിയായിരിക്കുമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

കഴിഞ്ഞ മത്സരം വിജയിച്ച ഇലവനില്‍ നിന്ന് ഇന്ത്യ കാര്യമായ മാറ്റങ്ങള്‍ക്ക് മുതിരുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ശിഖര്‍ ധവാനും ഋഷഭ് പന്തും ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്നുവെങ്കിലും ഇരുവരേയും ഇന്ന് നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ പന്തിനെ നാലാം നമ്പറിന് പകരം അഞ്ചാമതായി ഇറക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. നാലാം നമ്പറില്‍ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ശ്രേയസ് അയ്യര്‍ കളിച്ചേക്കും.

പേസ് ബൗളിംഗില്‍ ഖലീല്‍ അഹമ്മദിന് പകരം നവദീപ് സെയ്നിക്ക് ഇന്ത്യ അവസരം നല്‍കിയേക്കും. കുല്‍ദീപ് യാദവിന് പകരം ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ കളിപ്പിക്കുന്ന കാര്യവും ടീം മാനേജ്മെന്റ് പരിഗണിക്കുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച കുല്‍ദീപിന് പതിവ് ഫോമിലേക്ക് ഉയരാനായിട്ടില്ല. ബാറ്റിംഗില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്ന കേദാര്‍ ജാദവിനും ശിഖര്‍ ധവാനും വരുന്ന പരമ്പരകളില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.

ഇന്ത്യ സാധ്യത ഇലവന്‍: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്/ യുസ്‌വേന്ദ്ര ചാഹല്‍, നവദീപ് സെയ്നി

വിന്‍ഡീസ് സാധ്യത ഇലവന്‍:  എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍/ ജോണ്‍ ക്യാംബെല്‍, ഷായ് ഹോപ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പൂരന്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ഫാബിയന്‍ അലന്‍/ ഒഷാനെ തോമസ്, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, കെമര്‍ റോച്ച്.