ലോകകപ്പ് ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഒഴിവാക്കാന്‍ ശ്രമിക്കുന്തോറും എല്ലായിടത്തും അവനുണ്ടെന്നായിരുന്നു ചിത്രം പങ്കുവെച്ച് ഒരു ആരാധകന്‍ എക്സില്‍ കുറിച്ചത്.
തിരുവനന്തപുരം: തല ഉയര്‍ത്തി നില്‍ക്കുന്ന സഞ്ജു സാംസണിന്‍റെ വലിയ ചിത്രത്തിന് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. നെതര്‍ലന്‍ഡ്സിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിനായി ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഇന്നലെ ഉച്ചക്ക് ശേഷമാണ് തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയത്. ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്ന ഗ്രൗണ്ടില്‍ സഞ്ജുവിന്‍റെ വലിയ ഛായാചിത്രം ഉണ്ടായിരുന്നു. ഇതിന് മുമ്പിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയത്.
ലോകകപ്പ് ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഒഴിവാക്കാന്‍ ശ്രമിക്കുന്തോറും എല്ലായിടത്തും അവനുണ്ടെന്നായിരുന്നു ചിത്രം പങ്കുവെച്ച് ഒരു ആരാധകന്‍ എക്സില്‍ കുറിച്ചത്. സഞ്ജുവിന്‍റെ ചിത്രത്തിന് മുന്നില്‍ ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ പരിശീലനം നടത്തുന്നത് ചിത്രത്തില്‍ കാണാം.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ഇന്ത്യക്കായി കളിച്ച സഞ്ജുവിനെ കെ എല്‍ രാഹുല്‍ തിരിച്ചെത്തിയതോടെ ഏഷ്യാ കപ്പ് ടീനില്‍ ട്രാവലിംഗ് റിസര്‍വ് ആയാണ് ഉള്‍പ്പെടുത്തിയത്. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏകദിനത്തില്‍ അത്ര നല്ല റെക്കോര്‍ഡില്ലാത്ത സൂര്യകുമാര്‍ യാദവിനെയാണ് സഞ്ജുവിന് പകരം സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിലെടുത്തത്. ഇഷാന്‍ കിഷനും രാഹുലും വിക്കറ്റ് കീപ്പറായി ടീമിലുള്ളതിനാല്‍ മൂന്നാമതൊരു വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നതായിരുന്നു സഞ്ജുവിനെ ഒഴിവാക്കാന്‍ പറഞ്ഞ കാരണം.
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ദേശീയഗാനം പാടുന്നത്തിനിടെ കരച്ചില്‍ അടക്കാനാവാതെ ഇന്ത്യന്‍ താരം
എന്നാല്‍ ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തിലക് വര്‍മയും റുതുരാജ് ഗെയ്ക്‌വാദും അടക്കമുള്ള താരങ്ങള്‍ക്ക് അവസരം നല്‍കിയപ്പോഴും സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചില്ല. രണ്ടാം നിര താരങ്ങള്‍ മത്സരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള ടീമിലേക്കും സഞ്ജുവിനെ പരിഗണിക്കാതിരുന്നത് ആരാധകരെ നിരാശരാക്കി.
ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജു ഇപ്പോല്‍ സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കളിക്കാനുള്ള കേരള ടീമിനൊപ്പമുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയാണ് സഞ്ജുവിന്‍റെ അടുത്ത ലക്ഷ്യം
