അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ജൂലൈ 1 മുതൽ 18 വരെയാണ് മത്സരങ്ങൾ.

ലണ്ടന്‍: അടുത്ത വര്‍ഷം ജൂലൈയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ഇംഗ്ലണ്ടിലെത്തും. ഇത്തവണ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കായിട്ടാണ് ഇന്ത്യ എത്തുക. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ കളിക്കുക. ജൂലൈ ഒന്നിന് ആദ്യ ടി20 മത്സരത്തോടെ പരമ്പര ആരംഭിക്കും. രണ്ടാം ടി20 നാലിന് നടക്കും. 7, 9, 11 തിയതികളിലാണ് അടുത്ത മൂന്ന് മത്സരങ്ങള്‍. ജൂലൈ 14നാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 16ന് നടക്കും. 18നാണ് മൂന്നാം ഏകദിനം. ഇതിന് പുറമെ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനും പാകിസ്ഥാനുമെതിരെ മൂന്ന് ടെസ്റ്റുകള്‍ വീതം കളിക്കും. മാത്രമല്ല, ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് വീതം ടി20യും ഏകദിനങ്ങളും കളിക്കും.

ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കും. അടുത്തിടെ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചിരുന്നു. ഇപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇരുവരും തുടരുന്നത്. എന്നാല്‍ അടുത്ത കാലത്തൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇരുവരും ഏകദിന ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര നിശ്ചയിച്ചിരുന്നത്. അതിലൂടെ ഇരുവരും തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ബംഗ്ലാദേശിലേക്ക് പോവാന്‍ ബിസിസിഐക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. രോഹിതും കോലിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് ഒക്ടോബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനം വരെ വൈകും. മൂന്ന് ഏകദിന മത്സരങ്ങളാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ കളിക്കുക. ഒക്ടോബര്‍ 19 ന് പര്യടനം ആരംഭിക്കും. ബിസിസിഐ നേരത്തെ സ്ഥിരീകരിച്ചതുപോലെ, രോഹിത് ഏകദിന ഫോര്‍മാറ്റില്‍ ക്യാപ്റ്റനായി തുടരും. അതായത് ദേശീയ ടീമിന് ഓരോ ഫോര്‍മാറ്റിനും ആദ്യമായി മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാര്‍ ഉണ്ടായിരിക്കും.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു കോലി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നിര്‍ണായക പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിച്ചു. 15 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സാണ് കോലി അടിച്ചെടുത്തത്. കോലിയുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആര്‍സിബി ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. രോഹിത്തിനാവട്ടെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

YouTube video player