ഇന്നല നടന്ന ആദ്യ ടി20യില്‍ സിംബാബ്‍വെ 13 റൺസിന് ടീം ഇന്ത്യയെ തോൽപിച്ചിരുന്നു

ഹരാരെ: ഇന്ത്യ-സിംബാബ്‍വെ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഹരാരെയിൽ വൈകിട്ട് നാലരയ്ക്കാണ് കളി തുടങ്ങുക. ആദ്യ മത്സരത്തിലെ ദയനീയ തോല്‍വിയില്‍ നിന്ന് കരകയറാനാണ് ഇന്ത്യന്‍ യുവനിര ഇന്നിറങ്ങുന്നത്. ട്വന്‍റി 20 ലോകകപ്പ് കിരീടത്തിന് ശേഷം അടുത്ത തലമുറ താരങ്ങളുമായി ഇറങ്ങിയ ഇന്ത്യന്‍ ടീം ആദ്യ കളിയില്‍ ദുര്‍ബലരായ സിംബാബ്‌വെയോട് പരാജയപ്പെട്ടതില്‍ വിമര്‍ശനം ശക്തമാണ്. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 

ഇന്നല നടന്ന ആദ്യ ടി20യില്‍ സിംബാബ്‍വെ 13 റൺസിന് ടീം ഇന്ത്യയെ തോൽപിച്ചിരുന്നു. ആതിഥേയരുടെ 115 റൺസ് പിന്തുടർന്ന ഇന്ത്യ 19.5 ഓവറില്‍ 102 റൺസിന് പുറത്തായി. അരങ്ങേറ്റക്കാരായ അഭിഷേക് ശർമ്മ പൂജ്യത്തിനും റിയാൻ പരാഗ് രണ്ട് റണ്‍സിനും പുറത്തായി. റുതുരാജ് ഗെയ്‌ക്‌വാദ് (7), റിങ്കു സിംഗ് (0), ധ്രുവ് ജുറൽ (6) എന്നിവരും രണ്ടക്കം കണ്ടില്ല. 31 റൺസെടുത്ത ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാൻ ഗില്ലിനും 27 റൺസെടുത്ത ഓള്‍റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദറിനും 16 റണ്‍സെടുത്ത വാലറ്റക്കാരന്‍ ആവേഷ് ഖാനും മാത്രമേ അൽപമെങ്കിലും ചെറുത്ത് നിൽക്കാനായുള്ളൂ. മൂന്ന് വിക്കറ്റ് വീതം നേടിയ സിംബാബ്‍വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ടെണ്ടായ് ചറ്റേരയുമാണ് ഇന്ത്യക്ക് കെണിയൊരുക്കിയത്. പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്.

ഇന്ത്യന്‍ സ്‌ക്വാഡ്: ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, റിയാന്‍ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, ആവേഷ് ഖാന്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, തുഷാര്‍ ദേശ്‌പാണ്ഡെ, സായ് സുദര്‍ശന്‍, ഹര്‍ഷിത് റാണ, ജിതേഷ് ശര്‍മ്മ. 

Read more: രോഹിത് ശര്‍മ്മയ്ക്ക് ഹോളിവുഡില്‍ നിന്നൊരു കട്ടഫാന്‍; ആളാണേല്‍ കിടിലോല്‍ക്കിടിലവും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം