ബിസിസിഐയുടെ പ്ലാനിലുള്ള താരങ്ങളെല്ലാം വിവിധ പരമ്പരകള്‍ കളിച്ച് സ്ഥാനമുറപ്പിക്കാന്‍ തിരിക്കുപിടിക്കുമ്പോള്‍ അശ്വിന്‍ നാട്ടിലാണ്

ചെന്നൈ: കഴിഞ്ഞ വർഷം നടന്ന ട്വന്‍റി 20 ലോകകപ്പിലൂടെ ക്രിക്കറ്റിലെ കുഞ്ഞന്‍ ഫോർമാറ്റില്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍ വീണ്ടും ഇന്ത്യ ജേഴ്സി അണിഞ്ഞിരുന്നു. ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തിലായിരുന്നു അശ്വിനെ ഇന്ത്യന്‍ സെലക്ടർമാർ രാജ്യാന്തര ടി20 ടീമിലേക്ക് മടക്കിവിളിച്ചത്. എന്നാല്‍ ഇന്ത്യ വേദിയാവുന്ന വരാനിരിക്കുന്ന ഏകദിന ലോകകപ്പ് പദ്ധതികളില്‍ അശ്വിനില്ല. ബിസിസിഐയുടെ പ്ലാനിലുള്ള താരങ്ങളെല്ലാം വിവിധ പരമ്പരകള്‍ കളിച്ച് സ്ഥാനമുറപ്പിക്കാന്‍ തിരിക്കുപിടിക്കുമ്പോള്‍ അശ്വിന്‍ നാട്ടിലാണ്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് സീനിയർ സ്പിന്നർ ഇപ്പോള്‍.

'ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നത് എന്നെ ബാധിക്കുമെന്ന് തോന്നുന്നില്ല. ടീം സെലക്ഷന്‍ എന്‍റെ കൈയിലുള്ള കാര്യമല്ല. എന്‍റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതില്ല എന്ന് വളരെ മുമ്പ് തന്നെ ഞാന്‍ തീരുമാനിച്ചതാണ്. ഞാന്‍ എന്‍റെ ജീവിതത്തിലും ക്രിക്കറ്റിലും നല്ല മാനസീകാവസ്ഥയിലാണ്. നെഗറ്റീവായ ചിന്തകളെ ഒഴിവാക്കി നിർത്തുകയാണ് ചെയ്യാറ്. ഞാന്‍ ടീമിലില്ല എങ്കിലും ഇന്ത്യ വീണ്ടും ലോകകപ്പ് നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. കൊവിഡിന് ശേഷം മൂന്ന് വർഷക്കാലം ഏറെ മത്സരങ്ങള്‍ കളിച്ച താരമെന്ന നിലയ്ക്ക് ഇപ്പോഴത്തെ വിശ്രമം നല്ലതാണ്. ക്ലബ് ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസിലും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച് അടുത്ത പരമ്പരയ്ക്കായി തയ്യാറെടുക്കാനുള്ള അവസരമാണിത്. ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര എനിക്ക് മുന്നിലുണ്ട്' എന്നും രവിചന്ദ്രന്‍ അശ്വിന്‍ കൂട്ടിച്ചേർത്തു. 

മുപ്പത്തിയാറുകാരനായ ആർ അശ്വിന്‍ നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡില്‍ മാത്രമാണുള്ളത്. 94 ടെസ്റ്റില്‍ 489 വിക്കറ്റുള്ള താരത്തിന് അഞ്ച് സെഞ്ചുറികളോടെ 3185 റണ്‍സും സ്വന്തം. 2022 ജനുവരിയിലാണ് താരം അവസാനമായി ഏകദിനം കളിച്ചത്. ഏകദിന കരിയറില്‍ 113 മത്സരങ്ങളില്‍ 151 വിക്കറ്റാണ് സമ്പാദ്യം. 2022 നവംബറിന് ശേഷം ഇന്ത്യന്‍ ജേഴ്സിയില്‍ ട്വന്‍റി 20 കളിക്കാത്ത താരത്തിന്‍റെ പേരില്‍ 65 കളികളില്‍ 72 വിക്കറ്റാണുള്ളത്. 

Read more: ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20 നാളെ, മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍ അറിയാം; ഇന്ത്യന്‍ സമയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം