സ്ക്വാഡിലുണ്ടായിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്‌ടമായ കെ എല്‍ രാഹുല്‍ നിലവില്‍ പരിശീലന മത്സരം കളിച്ചുകൊണ്ടിരിക്കുകയാണ്

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള ആകാംക്ഷ മുറുകുകയാണ്. പരിക്കിന്‍റെ പിടിയിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ കളിക്കുമോ എന്നതാണ് ഒരു ചോദ്യം. ഏകദിന ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായിരുന്നു രാഹുല്‍. മലയാളി താരം സഞ്ജു സാംസണ്‍ സ്ക്വാഡിലെത്തുമോ എന്നത് മറ്റൊരു ചോദ്യം. ബാക്കി താരങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റത്തിന് സാധ്യതയില്ല. ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ നിന്നായിരിക്കും ഏകദിന ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുക എന്ന് മുഖ്യ സെലക്‌ടര്‍ അജിത് അഗാര്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ച് ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 

സ്ക്വാഡിലുണ്ടായിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്‌ടമായ കെ എല്‍ രാഹുല്‍ നിലവില്‍ പരിശീലന മത്സരം കളിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പം രാഹുല്‍ ശ്രീലങ്കയിലെത്തിയിരുന്നില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടരാന്‍ കെ എല്‍ രാഹുലിനോട് ബിസിസിഐ നിര്‍ദേശിക്കുകയായിരുന്നു. ലോകകപ്പ് ടീം സെലക്ഷനായി ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇന്ന് യോഗം ചേരും. നാളെ ചൊവ്വാഴ്‌ച ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കും. പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 5 നാളെയാണ്. മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പ് ടീമിലെത്തുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഏഷ്യാ കപ്പിലെ പോലെ സഞ്ജുവിനെ സ്റ്റാന്‍ഡ്-ബൈ താരമായി ചിലപ്പോള്‍ കണ്ടേക്കാം. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ്-ബൈ).

Read more: എംസിജിയിലെ തൂക്കിയടിക്ക് ശേഷം ആദ്യമായി കണ്ട് കോലിയും റൗഫും; വീഡിയോ സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം