ലോകകപ്പില്‍ പാകിസ്ഥാന്‍റെ ഏറ്റവും വേഗതയാര്‍ന്ന പേസറായ ഹാരിസ് റൗഫിനെതിരെ ബാക്ക്‌ഫൂട്ടിലിറങ്ങി കിംഗ് തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സര്‍ പറത്തി
കാന്‍ഡി: 2022 ഒക്ടോബര്‍ 23, വേദി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഹാരിസ് റൗഫിനെതിരെ കോലി അടുത്തടുത്ത പന്തുകളില്‍ പറത്തിയ രണ്ട് ഐതിഹാസിക സിക്‌സുകള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. എംസിജിയിലെ തിങ്ങിനിറഞ്ഞ 90000 കാണികള്‍ക്ക് മുന്നില്‍ അസാധ്യമായ ആംഗിളിലായിരുന്നു കോലിയുടെ രണ്ട് അവിശ്വസനീയ ഷോട്ടുകളും. ഇന്നലെ കഴിഞ്ഞത് പോലെയുള്ള ഈ താരപ്പോരിന് ശേഷം കോലിയും റൗഫും മുഖാമുഖം വന്നിരിക്കുകയാണ്. ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന് തൊട്ടുതലേന്നുള്ള പരിശീലനത്തിലാണ് ഇരു സ്റ്റാറുകളും കൂടിക്കാഴ്‌ച നടത്തിയത്. അന്നത്തെ വൈരത്തെ ചിരിയോടെ ഇരുവരും മറികടക്കുന്നത് ഇന്ന് കാണാനായി.
2022 ട്വന്‍റി 20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ തന്‍റെ കരിയറിലെ ഏറ്റവും മികച്ച ട്വന്‍റി 20 ഇന്നിംഗ്‌സ് കളിക്കുകയായിരുന്നു ഇന്ത്യന്‍ ഇതിഹാസം വിരാട് കോലി. ആ ലോകകപ്പില്‍ പാകിസ്ഥാന്‍റെ ഏറ്റവും വേഗതയാര്‍ന്ന പേസറായ ഹാരിസ് റൗഫിനെതിരെ ബാക്ക്‌ഫൂട്ടിലിറങ്ങി കിംഗ് തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സര്‍ പറത്തി. ഒന്ന് ബൗളറുടെ തലയ്‌ക്ക് മുകളിലൂടെയായിരുന്നു എങ്കില്‍ മറ്റൊന്ന് ലെഗ് സൈഡിലേക്ക് ഫ്ലിക്കിലൂടെയായിരുന്നു. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിംഗ്സിലെ പത്തൊമ്പതാം ഓവറില്‍ അവസാന രണ്ട് പന്തിലായിരുന്നു റൗഫിനെതിരെ കോലിയുടെ ഇരട്ട സിക്‌സുകള്‍. 20-ാം ഓവറിലെ അവസാന പന്തില്‍ ഇന്ത്യ നാല് വിക്കറ്റ് ജയം സ്വന്തമാക്കിയപ്പോള്‍ വിരാട് കോലി 53 പന്തില്‍ 82* റണ്‍സുമായി വിജയശില്‍പിയായി. ഹാരിസ് റൗഫിനെതിരെ കോലി നേടിയ രണ്ട് സിക്സുകളാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. ഒരവസരത്തില്‍ 31-4 എന്ന നിലയില്‍ തകര്‍ന്ന ശേഷം കോലി ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
തീപാറും പേസറായി ടി20 ലോകകപ്പിനെത്തിയ റൗഫിന്‍റെ ആത്മവിശ്വാസം തല്ലിക്കെടുത്തിയ ഈ സിക്‌സിന് ശേഷം ഇരുവരും നേര്‍ക്കുനേര്‍ കണ്ടിരിക്കുകയാണ് ശ്രീലങ്കയില്‍. ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ഇന്ത്യ- പാക് മത്സരത്തിന് തൊട്ടുമുമ്പുള്ള പരിശീലനത്തിലായിരുന്നു ഇത്. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഇരുവരും ചിരിച്ചുകൊണ്ടാണ് ഹസ്‌തദാനം ചെയ്‌തത്. രാജ്യാന്തര ട്വന്‍റി 20കളില്‍ ഹാരിസ് റൗഫും വിരാട് കോലിയും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യന്‍ താരം 32 പന്തില്‍ 42 റണ്‍സ് നേടി. ഒരിക്കല്‍ പോലും കോലിയെ പുറത്താക്കാന്‍ റൗഫിനായിട്ടില്ല.
കാണാം വീഡിയോ
സ്വന്തം നാട്ടുകാര്‍ തെറി പറഞ്ഞാലും പറയും, ബാബറിനേക്കാള്‍ മികച്ചത് കോലി: വസീം അക്രം
