മുംബൈ: ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തുടരാനാവുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യ എ ടീമിന്‍റെ പരമ്പരയ്‌ക്കായി സഞ്ജു സാംസണ്‍ ന്യൂസിലന്‍ഡിലുള്ളത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള കാലാവധി കഴിഞ്ഞ സെലക്ഷൻ കമ്മിറ്റിയാണ് മുംബൈയിൽ ടീമിനെ പ്രഖ്യാപിക്കുക.

ഈമാസം 24ന് തുടങ്ങുന്ന പര്യടനത്തിൽ അഞ്ച് ട്വന്‍റി 20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളുമാണുള്ളത്. ന്യൂസിലന്‍ഡില്‍ സീനിയര്‍ ടീമിന് സമാന്തരമായി പരമ്പര കളിക്കുന്ന ഇന്ത്യ എ ടീമിലെ താരങ്ങളെ പരിഗണിക്കുന്നത് നിര്‍ണായകമാകും. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി കൂടുതല്‍ താരങ്ങളെ പരിക്ഷിക്കുന്നതിന് സെലക്‌ടര്‍മാര്‍ മുന്‍തൂക്കം നല്‍കിയേക്കും. ആറാഴ്‌ച നീണ്ടുനിൽക്കുന്ന പരമ്പര ആയതിനാൽ പതിനഞ്ചിന് പകരം പതിനാറോ പതിനേഴോ കളിക്കാരെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

പാണ്ഡ്യക്ക് കനത്ത തിരിച്ചടി, തിരിച്ചുവരവ് വൈകും?

അതേസമയം ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകിയേക്കും. യോയോ ടെസ്റ്റില്‍ പരാജയപ്പെട്ട പാണ്ഡ്യയെ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലേക്ക് അയച്ചിട്ടില്ല. ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ പരിശീലനമത്സരം കളിച്ച് പാണ്ഡ്യ സീനിയര്‍ ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തമിഴ്‌നാട് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ വിജയ് ശങ്കറെ പാണ്ഡ്യക്ക് പകരം എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കുമൂലം നാല് മാസമായി ടീമിന് പുറത്താണ് ഹര്‍ദിക് പാണ്ഡ്യ.

ഹിറ്റ്‌മാന്‍ തിരിച്ചെത്തും, ജാദവ് പുറത്ത്?

എന്നാല്‍ ശ്രീലങ്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ വിശ്രമത്തിലായിരുന്ന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടീമില്‍ തിരിച്ചെത്തും. സ‍‌ഞ്ജുവിനൊപ്പം സൂര്യകുമാര്‍ യാദവിനെയും ടി20 ടീമില്‍ പരിഗണിച്ചേക്കും. ഫെബ്രുവരി 21ന് ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍മാരായി സീനിയര്‍ താരം വൃദ്ധിമാന്‍ സാഹയെയും യുവതാരം ഋഷഭ് പന്തിനെയും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഏകദിന ടീമില്‍ കേദാര്‍ ജാദവിനെ സെലക്‌‌ടര്‍മാര്‍ നിലനിര്‍ത്തുന്ന കാര്യം സംശയമാണ്.