ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം നാട്ടില്‍ തിരിച്ചെത്തി വീടുകളിലേക്ക് പോയ താരങ്ങള്‍ ആറ് ദിവസം മുമ്പാണ് ചെന്നൈയിലെത്തി നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പ്രവേശിച്ചത്.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കി കൊവിഡ് പരിശോധനകള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഇന്ന് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ മുഴുവന്‍ താരങ്ങളും ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് എത്തിയിരുന്നു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം നാട്ടില്‍ തിരിച്ചെത്തി വീടുകളിലേക്ക് പോയ താരങ്ങള്‍ ആറ് ദിവസം മുമ്പാണ് ചെന്നൈയിലെത്തി നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ താരങ്ങളെയെല്ലാം കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കി. പരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണ് താരങ്ങളെല്ലാം പരിശീലനത്തിനെത്തിയത്.

Scroll to load tweet…

അതേസമയം, ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ട് താരങ്ങളുടെയെല്ലാം കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ന് പരിശീലനത്തിന് ഗ്രൗണ്ടിലിറങ്ങിയില്ല. നാലു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഞ്ചിന് ചെന്നൈയില്‍ തുടക്കമാവും. ചെന്നൈയില്‍ തന്നെയാണ് രണ്ടാം ടെസ്റ്റും. ഡേ നൈറ്റ് ടെസ്റ്റ് അടക്കമുള്ള രണ്ട് ടെസ്റ്റുകള്‍ക്ക് അഹമ്മദാബാദ് ആണ് വേദിയാവുക.