മുംബൈ: ഇന്ത്യക്ക് രണ്ട് ലോകകപ്പ് നേടിത്തന്ന എം എസ് ധോണിയുടെ ക്രിക്കറ്റ് ഭാവിയെന്ത്. ധോണി വിരമിക്കുമോ അതോ ടി20 ലോകകപ്പ് കളിക്കുമോ. 'തല' ആരാധകര്‍ മാത്രമല്ല, ക്രിക്കറ്റ് ലോകം ഒന്നാകെ ആകാംക്ഷയിലാണ്. ധോണിയുടെ ക്രിക്കറ്റ് ഭാവിയെ കുറിച്ച് തന്‍റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് 'ചിന്നത്തല' സുരേഷ് റെയ്‌ന.

'ഇന്ത്യന്‍ ടീമിന് ധോണിയെ ഇപ്പോഴും ആവശ്യമുണ്ട്'

'ഐപിഎല്ലിന് മുന്നോടിയായി പരിശീലനത്തിനായി മാര്‍ച്ച് ആദ്യവാരം ധോണി ചെന്നൈയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബത്തിനൊപ്പം ഏറെനേരം ഇപ്പോള്‍ ധോണി ചിലവഴിക്കുന്നത് നല്ലതാണ്. വിരമിക്കണമെങ്കില്‍ വലിയ ബഹളങ്ങളൊന്നുമില്ലാതെ ധോണിക്ക് അതിന് കഴിയും. എന്നാല്‍ ധോണി തുടര്‍ന്നും കളിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ധോണി ഫിറ്റാണ്, കഠിനപരിശ്രമം നടത്തുന്നുമുണ്ട്. ഇന്ത്യന്‍ ടീമിന് ധോണിയെ ആവശ്യമുണ്ട് എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ തീരുമാനങ്ങളെല്ലാം കോലിയുടെ ചുമലിലാണ്' എന്നും സുരേഷ് റെയ്‌ന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

റെയ‌്‌ന കളിക്കുമോ ടി20 ലോകകപ്പില്‍?

അതേസമയം ടി20 ലോകകപ്പിന് മുന്‍പ് തനിക്ക് ടീമില്‍ മടങ്ങിയെത്താം എന്നാണ് പ്രതീക്ഷയെന്ന് റെയ്‌ന പറഞ്ഞു. 'എന്‍റെ ലക്ഷ്യങ്ങള്‍ ഞാനിപ്പോള്‍ നിശ്‌ചയിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ മികവ് കാട്ടാനായാല്‍ ഭാവിയെ കുറിച്ച് എനിക്കറിയാനാകും. എന്താണ് സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഇത്രകാലത്തെ അനുഭവങ്ങളില്‍ നിന്നറിയാം. അതിനാല്‍ ഐപിഎല്‍ പ്രകടനം അടിസ്ഥാനപ്പെടുത്തി ആയിരിക്കും ടി20 ലോകകപ്പ് ടീമില്‍ പ്രവേശനം ലഭിക്കുക.

കാല്‍മുട്ടിലെ പരിക്ക് ഭേദമായി ഐപിഎല്ലില്‍ മികവ് കാട്ടാനായാല്‍ രണ്ടുമൂന്ന് വര്‍ഷം കൂടി ക്രിക്കറ്റ് എന്നില്‍ ബാക്കിയുണ്ട് എന്ന് മനസിലാക്കാം. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളാണ് വരുന്നത്. ടി20 ക്രിക്കറ്റില്‍ തനിക്ക് മികച്ച നേട്ടങ്ങളുണ്ട്' എന്നും റെയ്‌ന പറഞ്ഞു. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് വിധേയനായ റെയ്‌ന 2018ന് ശേഷം അന്താരാഷ്‌ട്ര മത്സരം കളിച്ചിട്ടില്ല. 

ഇന്ത്യന്‍ ടീമില്‍ ധോണിയില്ലാത്ത ആറ് മാസം

ഇംഗ്ലണ്ടിലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായ ശേഷം ധോണി അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല. അടുത്തിടെ പ്രഖ്യാപിച്ച ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ധോണി പുറത്തായിരുന്നു. 2014ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച മഹി ഏകദിനത്തില്‍ നിന്നും ടി20യില്‍ നിന്നും ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയെ 2007ല്‍ ടി20 ലോകകപ്പിലും 2011ല്‍ ഏകദിന ലോകകപ്പിലും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ജേതാക്കളാക്കിയ നായകനാണ് ധോണി.