ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മത്സരങ്ങളുടെ തിരക്കുപിടിച്ച ഉത്സവകാലമാണ് വരാനിരിക്കുന്നത്

മുംബൈ: പുരുഷ ഏകദിന ലോകകപ്പിന് ശേഷവും രാജ്യത്ത് ക്രിക്കറ്റ് ആവേശത്തിന്‍റെ ജ്വാല മങ്ങില്ല. ലോകകപ്പിന് ശേഷം കരുത്തരായ ഓസ്ട്രേലിയ അഞ്ച് ട്വന്‍റി 20കളുടെ പര്യടനത്തിന് ഇന്ത്യയിലേക്ക് എത്തും എന്നാണ് ദേശീയ മാധ്യമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം മുതല്‍ ഈ വര്‍ഷം അവസാനം വരെ ടീം ഇന്ത്യക്ക് തിരക്കുപിടിച്ച മത്സരക്രമമാണ്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മത്സരങ്ങളുടെ തിരക്കുപിടിച്ച ഉത്സവകാലമാണ് വരാനിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20 മത്സരങ്ങളുമാണ് വരാനിരിക്കുന്നത്. ഇതിന് ശേഷം അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയും പിന്നാലെ 50 ഓവര്‍ ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പും നടക്കും. ഏഷ്യാ കപ്പിന് ശേഷം മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്‌ക്ക് ഓസീസ് ഇന്ത്യയിലേക്ക് വരാനിടയുണ്ട്. എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല. ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ പരമ്പരയും തീരുമാനമാകാനുണ്ട്. ഇതിനെല്ലാം ശേഷം നടക്കുന്ന ഏകദിന ലോകകപ്പാണ് ടീം ഇന്ത്യക്ക് വരാനിരിക്കുന്ന ഏറ്റവും വലിയ അങ്കം. ലോകകപ്പിന്‍റെ അതേസമയത്ത് നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ രണ്ടാംനിര ടീമാകും ടീം ഇന്ത്യക്കായി ഇറങ്ങുക. അതിന് ശേഷമാകും ഓസ്ട്രേലിയ അഞ്ച് ട്വന്‍റി 20കളുടെ പര്യടനത്തിന് ഇന്ത്യയിലേക്ക് വരിക. 

അഹമ്മദാബാദ്, ധരംശാല, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുനെ, ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ് എന്നീ പത്ത് വേദികളിലായാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നത്. ഉദ്ഘാടനവും ഇന്ത്യ-പാക് പോരാട്ടവും ഫൈനലും നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. മുംബൈയിലെ വാംഖഡെ, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളിലായാണ് സെമി മത്സരങ്ങള്‍ നടക്കുക. 2013ന് ശേഷം ഐസിസി കിരീടങ്ങളില്ല എന്ന അപഖ്യാതി മാറ്റാനാണ് ലോകകപ്പില്‍ ടീം ഇന്ത്യ ഇറങ്ങുക. 

Read more: 'വിന്‍'ഡീസ് പതനം പൂര്‍ണം; ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പിനില്ല, സമിയും തോറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News