മൂന്നാം ദിനം 213-2 എന്ന സ്കോറിലാണ് ദക്ഷിണാഫ്രിക്ക ക്രീസ് വിട്ടത്. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമിന്‍സ് ഒരു വിക്കറ്റുമെടുത്തു.

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ 282 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കക്ക് നാലാം ദിനം തുടക്കത്തിലെ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ നഷ്ടമായി. നാലാം ദിനം മൂന്നാം ഓവറില്‍ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിന്‍സാണ് ദക്ഷിണാഫ്രിക്കന്‍ നായകനെ മടക്കിയത്. തലേന്നത്തെ സ്കോറിനോട് ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ബാവുമയെ കമിന്‍സിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ അലക്സ് ക്യാരി കൈയിലൊതുക്കി. ഏയ്ഡന്‍ മാര്‍ക്രവുമായി 147 റണ്‍സ് കൂട്ടുകെട്ടിനൊടുവിലാണ് ബാവുമ മടങ്ങിയത്. കാലിലെ പേശിവലിവ് അവഗണിച്ച് മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ബാവുമ നാലാം ദിനവും ഓടാന്‍ ബുദ്ധിമുട്ടിയിരുന്നു.

ഓസ്ട്രേലിയക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. നാലു റണ്‍സുമായി ട്രിസ്റ്റൻ സ്റ്റബ്സും 115 റണ്‍സുമായി ഏയ്ഡന്‍ മാര്‍ക്രവും ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ദക്ഷിണാഫ്രിക്കക്ക് ജയത്തിലേക്ക് ഇനിയും 50 റണ്‍സ് കൂടി വേണം.

Scroll to load tweet…

ഇന്നലെ 282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കക്ക് റിയാന്‍ റിക്കിള്‍ടണെയും(6) വിയാന്‍ മുള്‍ഡറെയും(27) 70 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 144 റണ്‍സ് കൂട്ടിച്ചേര്‍ത്ത ക്യാപ്റ്റൻ ടെംബാ ബാവുമയും ഏയ്ഡന്‍ മാര്‍ക്രവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കക്ക് വിജയപ്രതീക്ഷ നല്‍കിയത്. മൂന്നാം ദിനം 213-2 എന്ന സ്കോറിലാണ് ദക്ഷിണാഫ്രിക്ക ക്രീസ് വിട്ടത്. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമിന്‍സ് ഒരു വിക്കറ്റുമെടുത്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 212 റണ്‍സിന് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 138 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 73-7ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റക്കാരുടെ മികവില്‍ 207 റണ്‍സടിച്ച ഓസീസ് ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ 282 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക