ബംഗലൂരു: സമകാലീന ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മേല്‍ വ്യക്തമായ ആധിപത്യമുള്ള അധികം ബൗളര്‍മാരൊന്നുമില്ല. എങ്കിലും കരിയറിന്റെ തുടക്കത്തില്‍ തന്നെ വട്ടം കറക്കിയ ഒരു ബൗളറുണ്ടായിരുന്നുവെന്ന് തുറന്നുപറയുകയാണ് ഇന്ത്യന്‍ നായകന്‍. മറ്റാരരുമല്ല, ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ആണ് കോലിയെ കുഴക്കിയ ആ ബൗളര്‍.

ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് കോലി ഇക്കാര്യം തുറന്നു പറഞ്ഞത്. രാജ്യാന്തര ക്രിക്കറ്റിലല്ല, ഐപിഎല്ലിലാണ് വോണ്‍ കോലിയെ വെള്ളം കുടിപ്പിച്ചത്. അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ രണ്ട് ബൗളര്‍മാരാണ് നിങ്ങള്‍ക്ക് മുമ്പിലുള്ളത്, ഒന്ന്, ഷെയ്ന്‍ വോണ്‍, രണ്ട് വഖാര്‍ യൂനിസ് ഇതില്‍ ആരെ തെരഞ്ഞെടുക്കുമെന്നായിരുന്നു കോലിയോട് ഛേത്രിയുടെ ചോദ്യം.

ഒന്നാമതായി, ഷെയ്ന്‍ വോണ്‍ അവസാന ഓവറുകള്‍ എറിയാറില്ല, രണ്ടാമതായി വഖാറിന്റെ യോര്‍ക്കറുകള്‍ പോലും ബൗണ്ടറി കടത്താമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. പക്ഷെ 2009ലെ ഐപിഎല്ലില്‍ വോണ്‍ എന്നെ ശരിക്കും വിഡ്ഢിയാക്കി. 2011ല്‍ രാജസ്ഥാനില്‍വെച്ചും ഞാന്‍ അദ്ദേഹത്തിനെതിരെ കളിച്ചിട്ടുണ്ട്.

Also Read: അവന്റെ പിരി അയഞ്ഞുകിടക്കുകയാണ്, ചാഹലിനെ ഭീകരമായി ട്രോളി കോലി; ചിരിയടക്കാനാവാതെ ഛേത്രി- വീഡിയോ

അന്ന് പക്ഷെ അദ്ദേഹത്തിന് എന്റെ വിക്കറ്റെടുക്കാനായില്ല. പക്ഷെ, അദ്ദേഹത്തിനെതിരെ കാര്യമായി സ്കോര്‍ ചെയ്യാനും എനിക്കായില്ല. മത്സരത്തിനുശേഷം വോണ്‍ എന്റെയടുക്കല്‍ വന്നു പറഞ്ഞു, ബൗളര്‍മാര്‍ക്കെതിരെ ഒന്നും പറയരുതെന്ന്. പക്ഷെ അതൊന്നും ഞാന്‍ ചെവിക്കൊണ്ടില്ല-കോലി പറഞ്ഞു.