അത്രയും സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍ ആ പന്തിനെ അതുപോലെ കളിക്കാന്‍ അസാമാന്യ ധൈര്യവും മികവും വേണം. കാരണം, മിഡില്‍ സ്റ്റംപ് പറത്താനായി മൂളിപ്പറന്നുവന്ന ആ പന്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പഞ്ചാബ് കിംഗ്സ് ഫൈനലിലെത്തിയപ്പോള്‍ പടനയിച്ചത് ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു. 41 പന്തില്‍ 87 റണ്‍സെടുത്ത ശ്രേയസിന്‍റെ അപരാജിത ഇന്നിംഗ്സാണ് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് പഞ്ചാബിന് ഐപിഎല്ലില്‍ പഞ്ചാബിന്‍റെ ചരിത്രത്തിലെ രണ്ടാം ഫൈനല്‍ സാധ്യമാക്കിയത്.

ശ്രേയസിന്‍റെ ഇന്നിംഗ്സില്‍ ശ്രദ്ധേയമായത് ട്രെന്‍റ് ബോള്‍ട്ടിന്‍റെയും ജസ്പ്രീത് ബുമ്രയുടെയും യോര്‍ക്കറുകളില്‍ നേടിയ ബൗണ്ടറികളായിരുന്നു. പതിനേഴാം ഓവര്‍ എറിയാനെത്തിയ ബോള്‍ട്ടിന്‍റെ രണ്ടാം പന്ത് ഓഫ് സ്റ്റംപ് ലൈനിലെത്തിയ യോര്‍ക്കറായിരുന്നു. അതിനെ അനായാസം തേര്‍ഡ് മാന്‍ ബൗണ്ടറിയിലേക്ക് പറഞ്ഞുവിട്ട ശ്രേയസ് 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഓവറിലെ അവസാന പന്തും ഓഫ് സ്റ്റംപ് ലൈനില‍െത്തിയ മറ്റൊരു യോര്‍ക്കര്‍. ഇത്തവണയും ശ്രേയസ് പന്തിനെ തഴുകി തേര്‍ഡ് മാൻ ബൗണ്ടറിയിലേക്ക് യാത്രയയച്ചു.

പിന്നീടായിരുന്നു ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്ന് പിറന്നത്. അവസാന മൂന്നോവറില്‍ പഞ്ചാബിന് ജയിക്കാന്‍ 31 റണ്‍സ് വേണ്ടപ്പോള്‍ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ‍്യ തന്‍റെ ആവനാഴിയിലെ വജ്രായുധം പുറത്തെടുത്തു. പതിനെട്ടാം ഓവര്‍ എറിയാനെത്തിയത് സാക്ഷാല്‍ ജസ്പ്രീത് ബുമ്ര. എലിമിനേറ്ററില്‍ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അടിതെറ്റിച്ച അസാധ്യ യോര്‍ക്കര്‍ പോലെ ഒരെണ്ണം ശ്രേയസിനായും ബുമ്ര കരുതിവെച്ചിരുന്നു. പതിനെട്ടാം ഓവറിലെ രണ്ടാം പന്ത്. സുന്ദറിനെറിഞ്ഞ അതേപോലെ 140 കിലോ മീറ്റര്‍ വേഗതയില്‍ ഏത് ബാറ്ററും നിസഹയാനായിപ്പോകുന്നൊരു മരണയോര്‍ക്കര്‍. എന്നാല്‍ ഇത്തവണയും പന്ത് എത്തിയത് തേർ‍ഡ്‌മാന്‍ ബൗണ്ടറിയില്‍. ആവനാഴിയിലെ അവസാന ആയുധവും നിഷ്ഫലമായതിന്‍റെ നിരാശയില്‍ ബുമ്രയും മുംബൈയും.

ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ഷോട്ടാണ് അതെന്ന് കമന്‍ററി ബോക്സിലുണ്ടായിരുന്ന ആര്‍സിബി ഇതിഹാസം എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു. താനായിരുന്നു ആ പന്ത് നേരിട്ടിരുന്നെതങ്കില്‍ ഒരുപക്ഷെ തന്‍റെ മിഡിൽ സ്റ്റമ്പ് കാറ്റില്‍ പറന്നേനെയെന്ന് ഡിവില്ലിയേഴ്സ് ജിയോ ഹോട‌്സ്റ്റാറിന്‍റെ കമന്‍ററിയില്‍ പറഞ്ഞു. ബുമ്രയുടെ മരണയോര്‍ക്കറില്‍ ശ്രേയസ് ശ്രമിച്ചതുപോലൊരു ഷോട്ടിന് ഞാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ എന്‍റെ മിഡില്‍ സ്റ്റമ്പ് പറന്നേനെ-ഡിവില്ലിയേഴ്സ് പറഞ്ഞു.

അത്രയും സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍ ആ പന്തിനെ അതുപോലെ കളിക്കാന്‍ അസാമാന്യ ധൈര്യവും മികവും വേണം. കാരണം, മിഡില്‍ സ്റ്റംപ് പറത്താനായി മൂളിപ്പറന്നുവന്ന ആ പന്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. ലോകത്തിലെ ഏറ്റവും മികച്ച ബൗളറുടെ ഏറ്റവും മികച്ച പന്ത് പോലും ശ്രേയസ് ബൗണ്ടറി കടത്തിയതോടെയാണ് മുംബൈ കടുത്ത സമ്മര്‍ദ്ദത്തിലായത്. അവിശ്വസനീയമെന്നേ അതിനെ വിശേഷിപ്പിക്കാനാവുവെന്നും താനിപ്പോള്‍ ശ്രേയസിന്‍റെ കടുത്ത ആരാധകനാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. 

Scroll to load tweet…

മുംബൈക്കെതിരെ ശ്രേയസ് കളിച്ച ഇന്നിംഗ്സ് ലോകോത്തരമെന്നേ പറയാനാവു. അതിനയാള്‍ക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളെല്ലാം അയാൾ അര്‍ഹിക്കുന്നുണ്ട്. കാരണം, അത്രയും സമ്മര്‍ദ്ദത്തില്‍ ഇതുപോലൊരു ജീവന്‍മരണ പോരാട്ടത്തില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ശ്രേയസ് ആ ഇന്നിംഗ്സ് കളിച്ചത്. അവനടിച്ച സിക്സുകളെല്ലാം കാണാന്‍ തന്നെ എന്ത് ചന്തമായിരുന്നു. ശാന്തനായിരിക്കുമ്പോള്‍ തന്നെ അവന് അഹങ്കാരിയുടെ ശരീരഭാഷയില്ല. എപ്പോഴും തല ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന അവന്‍റെ ശരീരഭാഷപോലും എനിക്കേറെ ഇഷ്ടമാണ്. അവനില്‍ നിന്ന് ഇതുപോലെ ഇനിയും ഒട്ടേറെ ഇന്നിംഗ്സുകള്‍ വരാനുണ്ട്. ഈ പ്രകടനത്തിന് ഞാനവനെ സല്യൂട്ട് ചെയ്യുന്നു-ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക