ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് നാലാം ഓവറിലെ നാലാം പന്തില്‍ ബെന്‍ ഡക്കെറ്റിനെ നഷ്‌ടമായിരുന്നു
എഡ‌്‌ജ്‌ബാസ്റ്റണ്‍: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ വെടിക്കെട്ട്. ഇംഗ്ലണ്ട് ടീം തുടക്കത്തിലെ ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍ മുന്‍ നായകന്‍ ജോ റൂട്ട് മുപ്പതാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. 145 പന്തിലാണ് റൂട്ടിന്‍റെ ശതകം. ഓസീസിനെതിരെ റൂട്ടിന്‍റെ നാലാം സെഞ്ചുറിയാണിത്. ഇംഗ്ലണ്ട് 76 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ 368-8 എന്ന നിലയിലാണ്. ജോ റൂട്ടിനൊപ്പം ഒലീ റോബിന്‍സനാണ് ക്രീസില്‍. സാക്ക് ക്രൗലി, ജോണി ബെയ്‌ര്‍സ്റ്റോ എന്നിവരുടെ വെടിക്കെട്ടും ആദ്യ ദിനം ഇംഗ്ലണ്ടിന് കരുത്തായി. നാല് വിക്കറ്റുമായി സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍ ഓസീസിനായി തിളങ്ങി.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് നാലാം ഓവറിലെ നാലാം പന്തില്‍ ബെന്‍ ഡക്കെറ്റിനെ നഷ്‌ടമായിരുന്നു. 10 പന്തില്‍ 12 റണ്‍സ് എടുത്ത താരത്തെ ജോഷ് ഹേസല്‍വുഡ് വിക്കറ്റിന് പിന്നില്‍ അലക്‌സ് ക്യാരിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഇതിന് ശേഷം ഓലീ പോപ്-സാക്ക് ക്രൗലി സഖ്യം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചതോടെ ആദ്യ 20 ഓവറുകള്‍ ബാറ്റിംഗ് വെടിക്കെട്ടായി. പോപ് 44 പന്തില്‍ 31 റണ്‍സുമായി നഥാന്‍ ലിയോണിന്‍റെ മുന്നില്‍ എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ പിന്നീടെത്തിയ ക്രൗലി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 73 പന്തില്‍ 61 റണ്‍സ് നേടിയ ക്രൗലി 27-ാം ഓവറില്‍ സ്കോട്ട് ബോളണ്ടിന്‍റെ പന്തില്‍ പുറത്താകുമ്പോള്‍ 61 റണ്‍സുണ്ടായിരുന്നു പേരില്‍. ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ പുത്തന്‍ ബാറ്റിംഗ് സെന്‍സേഷന്‍ ഹാരി ബ്രൂക്ക്(37 പന്തില്‍ 32) തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ലിയോണിന്‍റെ പന്തില്‍ ബൗള്‍ഡായി.
ഇതിന് ശേഷം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് വന്നപോലെ ഹേസല്‍വുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്റ്റോക്‌സിന് എട്ട് പന്തില്‍ 1 റണ്‍ മാത്രമേയുള്ളൂ. ഇതിന് ശേഷം ജോ റൂട്ട്-ജോണി ബെയ്ര്‍സ്റ്റോ സഖ്യം തകര്‍ത്തടിക്കുന്നതാണ് കണ്ടത്. റൂട്ട് റിവേഴ്‌സ് സ്വീപ്പുകളുമായി കളംനിറഞ്ഞപ്പോള്‍ ബാസ്‌ബോള്‍ ശൈലിയില്‍ അടി തുടരുകയായിരുന്നു ബെയ്‌ര്‍സ്റ്റോ. ഇന്നിംഗ്‌സിലെ 62-ാം ഓവറില്‍ ലിയോണിന്‍റെ പന്തില്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്യുമ്പോള്‍ 78 പന്തില്‍ 78 റണ്‍സ് നേടിയിരുന്നു ബെയ്‌ര്‍സ്റ്റോ. റൂട്ട്-ബെയ്ര്‍സ്റ്റോ സഖ്യം ആറാം വിക്കറ്റില്‍ 121 റണ്‍സ് ചേര്‍ത്തു. പിന്നാലെ മൊയീന്‍ അലി സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 17 പന്തില്‍ 18 എടുത്ത് നില്‍ക്കേ ലിയോണ്‍-ക്യാരി സഖ്യം വീണ്ടും സ്റ്റംപിംഗുമായി കൂട്ടുകെട്ട് പൊളിച്ചു. 21 പന്തില്‍ 16 റണ്‍സ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡിനെ കാമറൂണ്‍ ഗ്രീന്‍ മടക്കി.
Read more: ആദ്യ ആഷസ് ടെസ്റ്റ്; എന്തുകൊണ്ട് മിച്ചല്‍ സ്റ്റാര്‍ക്ക് പ്ലേയിംഗ് ഇലവന് പുറത്തായി?
