ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച ടീമില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് എഡ്‌ജ്‌ബാസ്റ്റണിലെ ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ വരുത്തിയത്

എഡ്‌ജ്‌ബാസ്റ്റണ്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ എഡ്‌ജ്ബാസ്റ്റണിലെ ഓസീസ് പ്ലേയിംഗ് ഇലവന്‍ ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. പേസ് കുന്തമുനയായ ഇടംകൈയന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇല്ലാതെയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ഒന്നാം ടെസ്റ്റിന് ഇറങ്ങിയത്. സ്റ്റാര്‍ക്കിനെ പോലൊരു താരം എന്തുകൊണ്ട് പുറത്തായി എന്ന ചോദ്യം ചോദിക്കുകയാണ് ആരാധകര്‍. സ്റ്റാര്‍ക്കിനെ പുറത്തിരുത്താനുള്ള തീരുമാനം കടുത്തതായി എന്നായിരുന്നു ടോസ് വേളയില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ വാക്കുകള്‍. വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റാണ് ഓസീസ് ടീം നേരിടുന്ന പ്രശ്‌നം എന്നും കമ്മിന്‍സ് വ്യക്തമാക്കി. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച ടീമില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് എഡ്‌ജ്‌ബാസ്റ്റണിലെ ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ വരുത്തിയത്. ഫൈനലില്‍ കളിക്കാതിരുന്ന ജോഷ് ഹേസല്‍വുഡ് പരിക്ക് മാറി തിരിച്ചെത്തിയതോടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കുകയല്ലാതെ മറ്റ് വഴി ഓസീസിന് മുന്നിലില്ലായിരുന്നു. സ്റ്റാര്‍ പേസറായ പാറ്റ് കമ്മിന്‍സ് നായകന്‍ കൂടിയായതിനാല്‍ പുറത്തിരുത്താനാവില്ല. സ്‌പിന്നറായി നേഥന്‍ ലിയോണും പേസ് ഓള്‍റൗണ്ടറായി കാമറൂണ്‍ ഗ്രീന്‍ സ്വാഭാവികമായും പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യക്കെതിരെ ഫൈനലില്‍ മിന്നും പ്രകടനം പുറത്തെടുത്ത സ്കോട്ട് ബോളണ്ടിനെ പുറത്തിരുത്തുക ഓസീസിന് എളുപ്പമുള്ള കാര്യവുമായിരുന്നില്ല. ഇതോടെ സ്റ്റാര്‍ക്ക് തന്നെ പ്ലേയിംഗ് ഇലവന് പുറത്താവുകയായിരുന്നു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയത് മിച്ചല്‍ സ്റ്റാര്‍ക്കിന് തിരിച്ചടിയായി. രണ്ട് ഇന്നിംഗ്‌സിലുമായി 27.4 ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് 148 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ നാല് വിക്കറ്റേ നേടിയുള്ളൂ. 2022ല്‍ 11 ടെസ്റ്റുകളില്‍ 35 വിക്കറ്റാണ് 28.11 ശരാശരിയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വീഴ്‌ത്തിയത്. 2023ല്‍ മൂന്ന് ടെസ്റ്റ് മാത്രം കളിച്ചപ്പോള്‍ ആറ് വിക്കറ്റേ നേടാനായുള്ളൂ. ബൗളിംഗ് ശരാശരി 46.66ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ കരിയറിലാകെ 18 ടെസ്റ്റില്‍ 74 വിക്കറ്റാണ് സ്റ്റാര്‍ക്കിന്‍റെ സമ്പാദ്യം. ഓവലിലെ ഫൈനലില്‍ ഇന്ത്യക്കെതിരെ മികച്ച ലൈനും ലെങ്തും കണ്ടെത്തിയ സ്കോട്ട് ബോളണ്ട് മൂന്നില്‍ താഴെ ഇക്കോണമിയില്‍ അഞ്ച് പേരെ പുറത്താക്കിയിരുന്നു. 

Read more: 'ബെസ്റ്റ് ബഡ്ഡി, മൈ വൈഫ്'; സഞ്ജു സാംസണിന്‍റെ ഇന്‍സ്റ്റഗ്രാം ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News