ഐപിഎല്ലിലെ മിന്നും താരമായതിനാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍

തിരുവനന്തപുരം: ക്രിക്കറ്റ് മൈതാനത്തിന് പുറത്തും ആരാധകരുടെ മനം കീഴടക്കി മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. ഭാര്യ ചാരുലതയെ 'ബെസ്റ്റ് ബഡ്ഡി' എന്ന് വിശേഷിപ്പിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ആരാധകരുടെ മനം കീഴടക്കിയിരിക്കുന്നത്. 'ബെസ്റ്റ് ബഡ്ഡി, മൈ വൈഫ്' എന്നാണ് ഇന്‍സ്റ്റയില്‍ ചാരുലതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജുവിന്‍റെ കുറിപ്പ്. ഇംഗ്ലീഷിലും തമിഴിലുമായായിരുന്നു സഞ്ജുവിന്‍റെ തലക്കെട്ട് എന്നതുകൊണ്ട് തന്നെ ഇത് ആരാധകര്‍ക്ക് കൂടുതല്‍ കൗതുകമായി. 

ഐപിഎല്ലിലെ മിന്നും താരമായതിനാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. അതിനാല്‍ നിരവധി ആരാധകരാണ് ഇന്‍സ്റ്റയില്‍ സഞ്ജുവിന്‍റെയും ചാരുവിന്‍റേയും ചിത്രത്തിന് താഴെ കമന്‍റുകളുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സഞ്ജുവിന്‍റെ തമിഴിനെ പ്രശംസിക്കുന്ന ആരാധകരുമുണ്ട്. റോയല്‍സിലെ സഹതാരം രവിചന്ദ്ര അശ്വിനൊപ്പം തമിഴ് സഞ്ജു നന്നായി സംസാരിക്കുന്ന വീഡിയോ മുമ്പ് വൈറലായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ ആരാധകനായ സഞ്ജുവിന് തമിഴ് അറിയാതിരിക്കുമോ എന്നായിരുന്നു ചിത്രത്തിന് ഒരു ആരാധകന്‍റെ കമന്‍റ്. കോളേജ് കാലത്ത് മൊട്ടിട്ട പ്രണയത്തിനൊടുവില്‍ 2018ലാണ് സഞ്ജു സാംസണും ചാരുതലയും വിവാഹിതരായത്. 

സഞ്ജു സാംസണെ തേടി ഉടനടി ബിസിസിഐയുടെ ഒരു സന്തോഷ വാര്‍ത്ത എത്താനിടയുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പരിമിത ഓവര്‍ പരമ്പരയിലൂടെ സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളും പരമ്പരയിലുണ്ട്. ജൂണ്‍ 27ന് സെലക്‌ടര്‍മാര്‍ ടീമുകളെ പ്രഖ്യാപിക്കുമ്പോള്‍ സഞ്ജുവിന്‍റെ പേരുണ്ടാകും എന്നാണ് വിശ്വാസം. സഞ‌്ജുവിന് പുറമെ ഇഷാന്‍ കിഷനായിരിക്കും പരിമിത ഓവര്‍ മത്സരങ്ങളില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 14 മത്സരങ്ങളില്‍ 30.16. ശരാശരിയിലും 153.8 പ്രഹരശേഷിയിലും മൂന്ന് അര്‍ധസെഞ്ചുറികളോടെ 362 റണ്‍സാണ് മലയാളി ക്രിക്കറ്റര്‍ റോയല്‍സ് കുപ്പായത്തില്‍ നേടിയത്. നായകനായ സഞ്ജുവിന് എന്നാല്‍ ഇക്കുറി ടീമിനെ പ്ലേ ഓഫിലെക്ക് എത്തിക്കാനായില്ല. 

Read more: സഞ്ജു സാംസണ്‍ വരുമോ ഇല്ലയോ; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീം പ്രഖ്യാപനം, തിയതി പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News