പാകിസ്ഥാന്‍റെ തോല്‍വി തീര്‍ത്തും നിരാശാജനകമാണെന്നും 1999ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റതിന് സമാനമാണ് ഇപ്പോഴത്തെ തോല്‍വിയെന്നും മുന്‍ താരം ഷൊയൈബ് അക്തര്‍
ഡാളസ്: ടി20 ലോകകപ്പില്‍ അമേരിക്കക്ക് മുമ്പില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ ടീമിന് മുന്‍ താരങ്ങളുടെ രൂക്ഷ വിമര്‍ശനം. സൂപ്പര്‍ ഓവറില്‍ അമേരിക്കയോട് തോല്‍വി വഴങ്ങിയത് പാക് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടാണെന്ന് മുന്‍ താരം കമ്രാന്‍ അക്മല്‍ വിമര്‍ശിച്ചു.
ഇതിലും വലിയ നാണക്കേട് ഇനി ഉണ്ടാവാനില്ല. അമേരിക്ക അത്യുജ്വലമായി കളിച്ചു. അവരുടെ പ്രകടനം കണ്ടാല്‍ തുടക്കക്കാരാണെന്ന് തോന്നുകയേയില്ല. അമേരിക്കയുടെ പ്രകടനം കണ്ടപ്പോള്‍ റാങ്കിംഗില്‍ അവര്‍ പാകിസ്ഥാനെക്കാള്‍ ഏറെ മുന്നിലാണെന്ന് തോന്നി. അത്രയും പക്വതയോടെയാണ് അവര്‍ കളിച്ചതെന്നും അക്മല്‍ യുട്യൂബ് വിഡിയോയില്‍ പറഞ്ഞു.
പാകിസ്ഥാന്‍റെ തോല്‍വി തീര്‍ത്തും നിരാശാജനകമാണെന്നും 1999ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റതിന് സമാനമാണ് ഇപ്പോഴത്തെ തോല്‍വിയെന്നും മുന്‍ താരം ഷൊയൈബ് അക്തര്‍ പറഞ്ഞു. ഇന്നലത്തെ മത്സരത്തില്‍ നിര്‍ഭാഗ്യവശാല്‍ പാകിസ്ഥാന്‍ ജയം അര്‍ഹിച്ചിരുന്നില്ല. കാരണം, അമേരിക്കയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അവര്‍ ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് ആമിറും ഷഹീന്‍ അഫ്രീദിയും മത്സരം തോല്‍ക്കാതിരിക്കാന്‍ പരമാവധി പ്രകടനം പുറത്തെടുത്തു. പക്ഷെ പാകിസ്ഥാന് ജയം പിടിച്ചെടുക്കാനായില്ലെന്നും അക്തര്‍ പറഞ്ഞു.
കഴിഞ്ഞ ടി20 ലോകകപ്പിലും ആദ്യ റൗണ്ടില്‍ സിംബാബ്‌വെയോട് പാകിസ്ഥാന്‍ ഒരു റണ്ണിന് തോറ്റിരുന്നു. എന്നാല്‍ പിന്നീട് ഉജ്ജ്വലമായി തിരിച്ചുവന്ന പാകിസ്ഥാന്‍ ഫൈനലിലെത്തി. 1999ലും ആദ്യ റൗണ്ടില്‍ ബംഗ്ലാദേശിനോട് തോറ്റെങ്കിലും പാകിസ്ഥാന്‍ ഫൈനല്‍ കളിച്ചിരുന്നു. ഇത്തവണ സൂപ്പര്‍ എട്ടിലെത്തണമെങ്കില്‍ അടുത്ത മത്സരത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് ജയം അനിവാര്യമാണ്. ന്യൂയോര്‍ക്കിലെ അപ്രവചനീയ ബൗണ്‍സുള്ള പിച്ചിലാണ് ഇനി പാക് പ്രതീക്ഷ. ഇന്ത്യ-പാക് മത്സരത്തില്‍ ടോസും നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.
