ധോണിയുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ ഒരാളായ റാഞ്ചിയിലെ പരംജിത് സിംഗിന്‍റെ സ്പോര്‍ട്സ് കടയുടെ പേരാണ് പ്രൈം സ്പോര്‍ട്സ്. ധോണിയുടെ കരിയറിന്‍റെ തുടക്കകാലത്ത് അദ്ദേഹത്തെ ഒരുപാട് സഹായിച്ച സുഹൃത്താണ് പരംജിത് സിംഗ്.
റാഞ്ചി: സൗഹൃദങ്ങള്‍ക്ക് എന്നും വലിയ വില കല്‍പ്പിക്കുന്ന താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. ഇപ്പോഴിതാ കരിയറില്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തനിക്ക് വലിയ സഹായങ്ങള്‍ ചെയ്ത സുഹൃത്തിന് തിരിച്ച് സഹായവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍.
ഐപിഎല്ലിന് മുന്നോടിയായി അടുത്തിടെ ധോണി ബാറ്റിംഗ് പരിശീലനം നടത്തുന്നതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം പുറത്തുവന്നപ്പോള്‍ ആരാധകര്‍ ശ്രദ്ധിച്ചൊരു കാര്യമുണ്ട്. പ്രൈം സ്പോര്‍ട്സ് എന്ന് അധികമാരും അറിയപ്പെടാത്ത ഒരു ബ്രാന്‍ഡിന്‍റെ സ്റ്റിക്കറൊട്ടിച്ച ബാറ്റുമായാണ് ധോണി പരിശീലനം നടത്തുന്നത് എന്നത്. പ്രമുഖ ബ്രാന്‍ഡുകളെല്ലാം ആ ബാറ്റിലൊരു ഇടത്തിനായി കൊതിക്കുമ്പോഴാണ് അധികമാരും അറിയാകത്തൊരു ബ്രാന്‍ഡിന്‍റെ പേര് ധോണി സ്വന്തം ബാറ്റില്‍ പതിച്ചിരിക്കുന്നത്. ആതേത് ബ്രാന്‍ഡെന്ന് ആരാധകര്‍ തിരഞ്ഞപ്പോഴാണ് ധോണിയുടെ മനസിന്‍റെ വലിപ്പം ആരാധകര്‍ ഒന്നു കൂടി തിരിച്ചറിഞ്ഞത്.
ധോണിയുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ ഒരാളായ റാഞ്ചിയിലെ പരംജിത് സിംഗിന്‍റെ സ്പോര്‍ട്സ് കടയുടെ പേരാണ് പ്രൈം സ്പോര്‍ട്സ്. ധോണിയുടെ കരിയറിന്‍റെ തുടക്കകാലത്ത് അദ്ദേഹത്തെ ഒരുപാട് സഹായിച്ച സുഹൃത്താണ് പരംജിത് സിംഗ്. ധോണിയെക്കുറിച്ചുള്ള സിനിമയിലും പരംജിത് സിംഗിനെക്കുറിച്ച് പ്രാധാന്യത്തോടെ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ സന്‍റെ സുഹൃത്തിന്‍റെ കടയെ ഒരു ബ്രാന്‍ഡാക്കി മാറ്റാനായാണ് ധോണി ബാറ്റില്‍ കടയുടെ സ്റ്റിക്കര്‍ പതിച്ച് പരിശീലനത്തിനിറങ്ങിയത്.
തീര്‍ന്നില്ല സുഹൃത്തിന്‍റെ കടയുടെ പ്രമോഷനുവേണ്ടി പ്രൈ സ്പോര്‍ട്സ് തയാറാക്കിയ ബാറ്റിന്‍റെ ചെറു മാതൃകകളില്‍ ധോണി തന്നെ കൈയൊപ്പിടുന്നതിന്‍റെ ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറാം കിരീടത്തിലേക്ക് നയിക്കാനുള്ള ഒരുക്കത്തിലാണ് ധോണിയിപ്പോള്‍. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലില്‍ തോല്‍പിച്ചാണ് ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അഞ്ചാം കിരീടം നേടി കിരീടനേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തിയത്.
