18-ാം ഓവറിലെ അവസാന പന്തില്‍ നായകന്‍ ശ്രേയസ് അയ്യര്‍ പുറത്താവുമ്പോള്‍ 181 റണ്‍സായിരുന്നു പഞ്ചാബിന്‍റെ സ്കോര്‍.

മുള്ളൻപൂര്‍: ഐപിഎല്ലില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. 22 പന്തില്‍ ആറ് സിക്സും നാലു ഫോറും പറത്തി പുറത്താകാതെ 62 റണ്‍സെടുത്ത സ്റ്റോയ്നിസാണ് 200ല്‍ ഒതുങ്ങുമായിരുന്ന പഞ്ചാബ് സ്കോറിനെ 222 റണ്‍സിലെത്തിച്ചത്.

18-ാം ഓവറിലെ അവസാന പന്തില്‍ നായകന്‍ ശ്രേയസ് അയ്യര്‍ പുറത്താവുമ്പോള്‍ 181 റണ്‍സായിരുന്നു പഞ്ചാബിന്‍റെ സ്കോര്‍. എന്നാല്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സ് അടക്കം 17 റണ്‍സെടുത്ത സ്റ്റോയ്നിസ് ബ്രിജേഷ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സ് കൂടി നേടി 222ല്‍ എത്തി. അവസാന രണ്ടോവറില്‍ മാത്രം 41 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബിന് പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പ്രിയാന്‍ഷ് ആര്യ 11 പന്തില്‍ 29 റണ്‍സുമായി തകര്‍ത്തടിച്ചപ്പോള്‍ പഞ്ചാബ് മൂന്നോവറില്‍ 37 റണ്‍സിലെത്തി.

View post on Instagram

പ്രിയാന്‍ഷിനെ മടക്കിയ ജോഫ്ര ആര്‍ച്ചര്‍ ആദ്യ പ്രഹരമേല്‍പ്പിച്ചെങ്കിലും കൂപ്പര്‍ കൊണോലി തകര്‍ത്തടിച്ചതോടെ പഞ്ചാബ് പവര്‍ പ്ലേയില്‍ 65 റണ്‍സിലെത്തി. 14 പന്തില്‍ 30 റണ്‍സടിച്ച കൊണോലിയെ യാഷ്രാജ് പുഞ്ച പുറത്താക്കിയശേഷം പ്രഭ്‌സിമ്രാന്‍ സിംഗും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേര്‍ന്ന് പഞ്ചാബിനെ 100 കടത്തി. പത്താം ഓവറില്‍ 100 കടന്ന പഞ്ചാബിനായി പ്രഭ്‌സിമ്രാന്‍ 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

View post on Instagram

പതിനാലാം ഓവറിലെ അവസാന പന്തില്‍ പ്രഭ്‌സിമ്രാന്‍(44 പന്തില്‍ 59) മടങ്ങി. ശ്രേയസും സ്റ്റോയ്നിസും ചേര്‍ന്ന് പതിനാറാം ഓവറില്‍ പഞ്ചാബിനെ 150 കടത്തി. 27 പന്തില്‍ 30 റണ്‍സെടുത്ത ശ്രേയസിനെ നാന്ദ്രെ ബര്‍ഗര്‍ പുറത്താക്കിയെങ്കിലും സ്റ്റോയ്നിസിന്‍റെ വെടിക്കെട്ട് പഞ്ചാബിന് മികച്ച സ്കോര്‍ സമ്മാനിച്ചു. രാജസ്ഥാന് വേണ്ടി യാഷ്‌രാജ് പുഞ്ച രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക