20 മാസമായി ഏകദിനം കളിക്കാത്ത അശ്വിൻ അവസാന മണിക്കൂറില്‍ എങ്ങനെ ഏകദിന ടീമിലെത്തി, രോഹിത് പറഞ്ഞത് മാത്രമല്ല കാരണം
ഏഷ്യാ കപ്പില്‍ ഇടം കൈയന്‍ ബാറ്റര്‍മാര്‍ കൂടുതലുള്ള ശ്രീലങ്കക്കെതിരെ കളിച്ചപ്പോഴാണ് മൂന്ന് ഇടം കൈയന്‍ സ്പിന്നര്‍മാരുമായി ഇറങ്ങുന്നതിന്‍റെ അപകടം ഇന്ത്യ മനസിലാക്കിയത്. മരുന്നിന് പോലും ഒരു ഓഫ് സ്പിന്നറില്ലാത്ത ടീമില്‍ ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നര്‍മാരെ നേരിടുക സ്പിന്‍ പിച്ചില്‍ പോലും ശ്രീലങ്കക്ക് എളുപ്പമായിരുന്നു.

ചെന്നൈ: കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഇന്ത് അവസാന നിമിഷം ആര്‍ അശ്വിനെ ടീമിലെടുത്തപ്പോള്‍ ആരാധകര്‍ പോലും അമ്പരന്നിട്ടുണ്ടാകും. അതുവരെ ഇന്ത്യക്കായി ടി20 ടീമില്‍ സ്ഥിരമായി കളിക്കാത്ത അശ്വിന്‍ എങ്ങനെ ലോകകപ്പ് ടീമിലെത്തിയെന്ന്. ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ നിര്‍ണായക അവസാന ഓവറില്‍ മനസാന്നിധ്യം വിടാതെ ക്രീസില്‍ നിന്ന അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ വിരാട് കോലിക്കൊപ്പം നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.
ഇത്തവണ ഏഷ്യാ കപ്പ് കിരീടം നേടിയശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞത് അശ്വിന്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് ലോകകകപ്പ് ടീമിലെത്താന്‍ ഇനിയും അവസരമുണ്ടെന്നും അശ്വിനുമായി താന്‍ നിരന്തരം ഫോണില്‍ സംസാരിക്കുന്നുണ്ട് എന്നുമായിരുന്നു. രോഹിത് പറഞ്ഞതുപോലെ കഴിഞ്ഞ 20 മാസമായി ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത അശ്വിന്‍ അപ്രതീക്ഷിതമായി ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെത്തി. ടെസ്റ്റില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളറായിട്ടും രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളില്‍ സാഹചര്യങ്ങളും ടീം കോംബിനേഷനും പറഞ്ഞ് ടീം മാനേജ്മെന്‍റ് പുറത്തിരുത്തിയ ബൗളറാണ് അശ്വിന്‍ എന്നറിയുമ്പോഴാണ് ലോകകപ്പില്‍ മാത്രം എങ്ങനെ അശ്വിന്‍ ടീമിലെത്തുന്നു എന്നതിന്‍റെ ഗുട്ടന്‍സ് മനസിലാവുക. അശ്വിന്‍റെ പരിചയ സമ്പത്താണ് ടീമിലെടുക്കാനുള്ള കാരണമെന്നായിരുന്നു ടീം പ്രഖ്യാപിക്കുമ്പോള്‍ രോഹിത്തും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പറഞ്ഞത്.
എന്തുകൊണ്ട് അശ്വിന്‍
ലോകകപ്പ് ടീമില്‍ ഇന്ത്യ സ്പിന്നര്‍മാരായി ടീമിലെടുത്തിരിക്കുന്ന മൂന്ന് പേരും ഇടം കൈയന്‍ സ്പിന്നര്‍മാരാണ്. കുല്‍ദീപ് യാദ്, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍. ഇതില്‍ അക്സര്‍ പട്ടേലിന് നിലവില്‍ പരിക്കാണ്. ലോകകപ്പില്‍ ചെന്നൈ പോലുള്ള സ്പിന്‍ സൗഹൃദ വേദികളില്‍ കളിക്കുമ്പോള്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങാനിടയുണ്ട്. ഏഷ്യാ കപ്പില്‍ ഇടം കൈയന്‍ ബാറ്റര്‍മാര്‍ കൂടുതലുള്ള ശ്രീലങ്കക്കെതിരെ കളിച്ചപ്പോഴാണ് മൂന്ന് ഇടം കൈയന്‍ സ്പിന്നര്‍മാരുമായി ഇറങ്ങുന്നതിന്‍റെ അപകടം ഇന്ത്യ മനസിലാക്കിയത്. മരുന്നിന് പോലും ഒരു ഓഫ് സ്പിന്നറില്ലാത്ത ടീമില്‍ ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നര്‍മാരെ നേരിടുക സ്പിന്‍ പിച്ചില്‍ പോലും ശ്രീലങ്കക്ക് എളുപ്പമായിരുന്നു. കുല്‍ദീപ് മാത്രമാണ് പന്തിലെ വ്യത്യസ്തകള്‍ കൊണ്ട് ലങ്കക്ക് പ്രശ്നങ്ങള് സൃഷ്ടിച്ചത്. ജഡേജയും അക്സറും ഒരേശൈലിയില്‍ പന്തെറിയുന്നവരായത് ലങ്കന്‍ ഇടം കൈയന്‍മാര്‍ക്ക് നേരിടാന്‍ എളുപ്പമായി.
ഏഷ്യാ കപ്പിലും ഏഷ്യന്‍ ഗെയിംസിലും ലോകകപ്പിലും തഴഞ്ഞു, ഇനി സഞ്ജുവിന് മുന്നിലുള്ള വഴികൾ
വരാനിരിക്കുന്ന ലോകകപ്പില്‍ മധ്യനിരയില്‍ ഇടം കൈയന്‍മാര്‍ കൂടുതലുള്ള ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഇത് ഇന്ത്യക്ക് തിരിച്ചടിയാവും. ഇടം കൈയന്‍മാര്‍ക്കെതിരെ പിച്ച് ചെയ്ത് പന്ത് പുറത്തേക്ക് തിരിയുന്ന പന്തെറിയുന്ന ഓഫ് സ്പിന്നര്‍ ഏത് ടീമിനും മുതല്‍കൂട്ടാണ്. അതുകൊണ്ടു തന്നെ ഇടം കൈയന്‍മാര്‍ക്കെതിരെ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും മികച്ച റെക്കോഡുള്ള അശ്വിന്‍ ടീമിലെത്തി. തമിഴ്നാട് പ്രീമിയര്‍ ലീഗ് അടക്കം ഇപ്പോളും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ സജീവമായി തുടരുന്നുവെന്നതും അശ്വിന് അനുകൂലമായി.
സുന്ദറിന് പകരം അശ്വിന്‍
ബാറ്റിംഗിലും ബൗളിംഗിലും ഏറെക്കുറെ സമാനതകളുള്ളവരാണ് വാഷിംഗ്‌ടണ്‍ സുന്ദറും അശ്വിനും. ഇടം കൈയന്‍ ബാറ്ററും വലം കൈയന്‍ ഓഫ് സ്പിന്നറുമായ സുന്ദറിന് ബാറ്റിംഗിന്‍റെ കാര്യത്തില്‍ അശ്വിനെക്കാള്‍ നേരിയ മുന്‍തൂക്കം ഉണ്ടെങ്കിലും വാലറ്റത്ത് ബാറ്റിംഗില്‍ അശ്വിന്‍ തീരെ മോശമല്ല. എന്നിട്ടും എന്തുകൊണ്ട് സുന്ദറിന് പകരം അശ്വിനെയും പരിഗണിക്കുന്നു എന്നതാണെങ്കില്‍ ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ സുന്ദര്‍ കൂടുതലും പന്തെറിയുന്നത് പവര്‍ പ്ലേയിലാണ്. ടി20യിലായാലും ഏകദിനത്തിലായാലും. എന്നാല്‍ മികച്ച ന്യൂ ബോള്‍ ബൗളര്‍മാര്‍ക്കുള്ള ഇന്ത്യക്ക് പവര്‍ പ്ലേയില്‍ പന്തെറിയാന്‍ നിലവിലെ സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ വേണ്ട. മധ്യ ഓവറുകളില്‍ പന്തെറിയുന്ന സ്പിന്നറാണ് വേണ്ടത്.ഈ സാഹചര്യത്തിലാണ് ലോകകപ്പ് ടീമിലേക്ക് സുന്ദറിന് പകരം അശ്വിനെയും പരിഗണിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക