സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ആറാം ബൗളറുടെ അഭാവമാണെന്ന് കഴിഞ്ഞ ദിവസം വിശകലനങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ റോള്‍ ഏറ്റെടുത്തിരുന്നത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ പാണ്ഡ്യ പന്തെടുത്തിട്ടില്ല. പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ട് പന്തെറിഞ്ഞ് തുടങ്ങിയാല്‍ മതിയെന്നാണ് ടീം മാനേജ്‌മെന്റെ തീരുമാനം.

എന്നാല്‍ ടീമിലെ ആറാം ബൗളര്‍ ആരെന്ന് ചോദിക്കുമ്പോള്‍ പാണ്ഡ്യക്ക് വ്യക്തമായ ഉത്തരമുണ്ട്. ടീമിന് വേണ്ട ആറാം ബൗളര്‍ എന്റെ വീട്ടിലിരിപ്പുണ്ടെന്നാണ് പാണ്ഡ്യ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയെ ചൂണ്ടിക്കാട്ടിയാണ് ഹാര്‍ദിക് മറുപടി പറഞ്ഞത്. ആറാം ബൗളറുടെ പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ ക്രുനാലിനെ ഉപയോഗിക്കണമെന്ന് ഹാര്‍ദിക് പറയാതെ പറയുകയായിരുന്നു. 

ഈ സീസണ്‍ ഐപിഎല്ലില്‍ ക്രുനാല്‍ മോശമല്ലാത്ത് പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യക്കായി 18 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. 121 റണ്‍സും 14 വിക്കറ്റുകളും ക്രുനാല്‍ സ്വന്തമാക്കി. എന്നാല്‍ ഒരിക്കല്‍കൂടി ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താന്‍ ക്രുനാലിന് സാധിച്ചില്ല. ഇതിനിടെയാണ് ഹാര്‍ദിക്കിന്റെ പരാമര്‍ശം. ''ഇന്ത്യന്‍ ടീമിലിപ്പോള്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് ക്ഷാമമാണ്. അത്തരമൊരാളെ കണ്ടുപിടിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അതൊരു വലിയ ചോദ്യചിഹ്നമായി മാറും. ഞാന്‍ കളി ഗൗരവമായെടുക്കുന്ന സമയത്തുപോലും സ്വപ്നം കണ്ട രീതിയിലുള്ള ഓള്‍റൗണ്ടറായിരുന്നില്ല. പിന്നീട് ഞാന്‍ എന്നെ തന്നെ രൂപപ്പെടുത്തുകയായിരുന്നു. അതുപൊലെ മറ്റൊരാളെ രൂപപ്പെടുത്തേണ്ടിവരും.'' ഹാര്‍ദിക് പറഞ്ഞു. 

അദ്ദേഹം തുടര്‍ന്നു... ''അഞ്ച് ബൗളര്‍മാരുമായി കളിക്കുന്നത് എപ്പോഴും പ്രശ്‌നമുണ്ടാക്കും. ഇതില്‍ ഒരാള്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്താല്‍ പകരം ബൗളറെ കണ്ടത്തേണ്ടിവരും. ഇന്ത്യക്കായി കളിച്ച താരത്തെ അവശ്യാനുസരണം വളര്‍ത്തിയെടുക്കുകയോ അല്ലെങ്കില്‍ പുതിയൊരു താരത്തെ കണ്ടെത്തുകയോ വണം.'' ഹാര്‍ദിക് വ്യക്തമാക്കി.

അവസാനം പുഞ്ചിരിയോടെ അദ്ദേഹം ക്രുനാലിനെ കുറിച്ചും പറഞ്ഞു. ''പാണ്ഡ്യ കുടുംബത്തിലേക്കൊന്നും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അവിടെ ഒരാള്‍ വീട്ടിലിരിക്കുന്നുണ്ട്.'' ഹാര്‍ദകിക് അവസാനിപ്പിച്ചു.