കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്് ചാംപ്യന്‍ഷിപ്പ് നേടിയത്. രണ്ട് തവണയും ഗൗതം ഗംഭീറായിരുന്നു ക്യാപ്റ്റന്‍. നൈറ്റ് റൈഡേഴ്‌സിന്റെ ഏറ്റവും മികച്ച നായകനാരെന്ന് ചോദിച്ചാല്‍ ഗംഭീര്‍ എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. ഐപിഎല്‍ ആദ്യത്തേയും മൂന്നാത്തേയും സീസണില്‍ ആറാം സ്ഥാനത്താണ് നൈറ്റ് റൈഡേഴ്‌സ് അവസാനിപ്പിച്ചത്. രണ്ടാം സീസണില്‍ അവസാന സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. തകര്‍ന്ന് തരിപ്പണമായ മൂന്ന് സീസണുകള്‍ക്കൊടുവിലാണ് ഗംഭീര്‍ ടീമിലെത്തുന്നത്. ക്യാപ്റ്റന്‍സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 

എന്നാല്‍ ഗംഭീര്‍ ടീമിലെത്തിയതിന് പിന്നില്‍ ഒരു വലിയ കഥയുണ്ടെന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂര്‍ പറയുന്നത്. 2011 താരലേലത്തില്‍ വലിയൊരു 'യുദ്ധ'ത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് ഗംഭീറിനെ സ്വന്തമാക്കുന്നതെന്ന് വെങ്കി പറഞ്ഞു. തെരുവില്‍ നായ്ക്കള്‍ കടിപിടി കൂടുന്നത് പോലെ. അദ്ദേഹത്തിന്റെ വാക്കുകള്‍.. ''വ്യക്തമായ പ്ലാനോടെയാണ് 2011ല്‍ താരലേലത്തിനെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെയൊന്നും നടന്നില്ല. ആദ്യം തന്നെ ഗൗതം ഗംഭീറിന്റെ പേരാണ് വന്നത്. ഞങ്ങളാണ് ആദ്യം സമീപിച്ചത്. പിന്നാലെ കൊച്ചി ടസ്‌ക്കേഴ്‌സും ചേര്‍ന്നു. ഗംഭീറിന്റെ വില ഉയര്‍ന്നു. ഞങ്ങള്‍ക്ക് വിടാനുള്ള ഭാവമില്ലായിരുന്നു. അവരും വിട്ടില്ല. എന്നാല്‍ 11.4 കോടിക്ക് ഞങ്ങള്‍ ഗംഭീറിനെ ടീമിലെത്തിച്ചു. 

ആ സീസണില്‍ ടീം നാലാം സ്ഥാനത്തും അടുത്ത സീസണില്‍ കീരടവുമുയര്‍ത്തി. 2014ലും കൊല്‍ക്കത്തയെ കിരീടം ചൂടിക്കാന്‍ ഗംഭീറിനായി. നായകനെന്നത് വിശേഷണമല്ലെന്ന് പ്രകടനം കൊണ്ട് തെളിയിക്കാന്‍ ഗംഭീറിനായി. 2018 സീസണിലാണ് ഗംഭീറിനെ കൊല്‍ക്കത്ത വിടുന്നത്. അത് ഗംഭീറിന്റെ സ്വന്തം തീരുമാന പ്രകാരമായിരുന്നു. കൊല്‍ക്കത്തയില്‍ തുടരണമെന്ന് കൊല്‍ക്കത്ത മാനേജ്മെന്റ് അപേക്ഷിച്ചെങ്കിലും അനുകൂല നിലപാടല്ല ഗംഭീര്‍ സ്വീകരിച്ചത്.'' വെങ്കി പറഞ്ഞുനിര്‍ത്തി.

കൊല്‍ക്കത്തയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ഗംഭീറിന്റെ പേരിലാണ്. 122 മത്സരത്തില്‍ നിന്ന് 3345 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 30 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.