മുംബൈ: രോഹിത് ശര്‍മയുടെ പിറന്നാളാണ് ഇന്ന്. അതിനോടനുബന്ധിച്ച് ഒരു സര്‍വെ നടത്തിയിരിക്കുകയാണ് ടൈംസ് നൗ ന്യൂസ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വിരാട് കോലി, രോഹിത് ശര്‍മ ഇവരില്‍ ആരാണ് മികച്ച ബാറ്റ്‌സ്മാന്‍ എന്നായിരുന്നു ചോദ്യം. ട്വിറ്ററിലും ഫേസ്ബുക്കിലുമായിട്ടാണ് വോട്ട് ചെയ്യാനുള്ള ഓപ്ഷനോടെ പോള്‍ പോസ്റ്റ് ചെയ്തത്. രണ്ട് പോളിലും കൂടുതല്‍ വോട്ട് നേടിയത് രോഹിത് ശര്‍മയായിരുന്നു.

2007ല്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് രോഹിത് ശര്‍മ. അന്ന് മധ്യനിരയില്‍ കളിച്ചിരുന്ന താരത്തിന് അധികം സംഭാവനയൊന്നും നല്‍കാന്‍സാധിച്ചിരുന്നില്ല. എന്നാല്‍ 2013ല്‍ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതില്‍ പിന്നെയാണ് താരത്തിന് തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുക്കാനായത്. നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലോകം കണ്ട് ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ രോഹിത്തിന്റെ പേരുണ്ടാകും.

ഇന്നലെ രാവിലെ 11.35നാണ് ട്വിറ്റര്‍ പോള്‍ പോസ്റ്റ് ചെയ്തത്. ഇതില്‍ 48 ശതമാനം പേരും രോഹിത്തിന് വോട്ട് ചെയ്തു. 46 ശതമാനം പേര്‍ കോലിക്കായിരുന്നു. ആറ് ശതമാനം ആളുകള്‍ മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്തു. എന്നാല്‍ ഫേസ്ബുക്ക് പോളില്‍ 53 ശതമാനം പേരും രോഹിത്തിന് വോട്ട് ചെയ്തു. 47 ശതമാനം പേര്‍ കോലിക്കാണ് വോട്ടുചെയ്തത്.

2019 വര്‍ഷത്തില്‍ ഏകദിനത്തില്‍ മാത്രം 1490 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റായ രോഹിത് സ്‌കോര്‍ ചെയ്തത്. കോലിയുടെ അക്കൗണ്ടില്‍ 1377 റണ്‍സുണ്ട്.