ഓരോ പന്തിലും ബൗളര്‍ ഓവര്‍ സ്റ്റെപ്പ് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതലയാണ് ഇനി മൂന്നാം അമ്പയറുടെ ചുമലില്‍ ആവുന്നത്. നോ ബോളാണെന്ന് വ്യക്തമായാല്‍ മൂന്നാം അമ്പയര്‍ ഇക്കാര്യം ഫീല്‍ഡ് അമ്പയറെ അറിയിക്കും.ഫീല്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിക്കുകയും ചെയ്യും.

ഹൈദരാബാദ്: ഇനിമുതൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നോ ബോൾ വിധിക്കാനുള്ള അവകാശം തേഡ് അമ്പയർക്ക് നൽകി ഐസിസി. ഇന്ത്യ വിൻഡീസ് പരമ്പരയോടെ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഐസിസി അറിയിച്ചു. ഫ്രണ്ട് ഫൂട്ട് നോബോൾ വിധിക്കാനുള്ള അവകാശമാണ് ഫീൽഡ് അമ്പയർമാരിൽ നിന്ന് തേഡ് അമ്പയറിലേക്ക് മാറുന്നത്.

ഓരോ പന്തിലും ബൗളര്‍ ഓവര്‍ സ്റ്റെപ്പ് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതലയാണ് ഇനി മൂന്നാം അമ്പയറുടെ ചുമലില്‍ ആവുന്നത്. നോ ബോളാണെന്ന് വ്യക്തമായാല്‍ മൂന്നാം അമ്പയര്‍ ഇക്കാര്യം ഫീല്‍ഡ് അമ്പയറെ അറിയിക്കും.ഫീല്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിക്കുകയും ചെയ്യും.ഇതോടെ മത്സരത്തിനിടെ മൂന്നാം അമ്പയറുടെ നിര്‍ദേശമില്ലാതെ ഫീല്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിക്കില്ല. നോ ബോളുകള്‍ വിളിക്കുമ്പോള്‍ സംശയത്തിന്റെ ആനുകൂല്യം എപ്പോഴും ബൗളര്‍ക്ക് അനുകൂലമായിരിക്കുമെന്നും ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നോ ബോള്‍ വിളിക്കാന്‍ താമസിക്കുകയും ബാറ്റ്സ്മാന്‍ പുറത്താവുകയും ചെയ്താല്‍ പുറത്തായ ബാറ്റ്സ്മാനെ തിരികെ വിളിക്കും. മറ്റ് ഓണ്‍ഫീല്‍ഡ് തീരുമാനങ്ങളെല്ലാം ഫീല്‍ഡ് അമ്പയറുടെ ചുമതല ആയിരിക്കുമെന്നും ഐസിസി വ്യക്തമാക്കി. കളിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഐസിസി പരിഷ്കാരം രാജ്യാന്തര ക്രിക്കറ്റിലും നടപ്പാക്കുന്നത്.