16 ഓവറില്‍ 108-3 എന്ന മികച്ച നിലയിലായിരുന്ന തൃശൂരിന് അവസാന നാലോവറില്‍ 21 റണ്‍സ് മാത്രമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.
തിരുവനന്തപുരം: ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ടോപ് സ്കോററായ ഷോണ്‍ റോജറുടെ ബാറ്റിംഗ് മികവില്‍ ആലപ്പി റിപ്പിള്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് കേരള ക്രിക്കറ്റ് ലീഗില്‍ സെമി ഉറപ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്. 129 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന തൃശൂരിനായി പുറത്താകാതെ 49 റൺസെടുത്ത ഷോണ്‍ റോജര്‍ ടോപ് സ്കോററായപ്പോള്‍ രോഹിത് കെ ആര്‍ 30 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഷോണ്‍ റോജറുടെ ഒറ്റയാള്‍ പോരാട്ടം തൃശൂരിന് ജയമൊരുക്കി.സ്കോര്‍ ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ 128-9, തൃശൂര്‍ ടൈറ്റന്‍സ് 19.2 ഓവറില്‍ 134-6.
16 ഓവറില്‍ 108-3 എന്ന മികച്ച നിലയിലായിരുന്ന തൃശൂരിന് അവസാന നാലോവറില്‍ 21 റണ്‍സ് മാത്രമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ജലജ് സക്സേന എറിഞ്ഞ പതിനേഴാം ഓവറില്‍ അക്ഷയ് മനോഹറുടെ വിക്കറ്റ് നഷ്ടമായ തൃശൂരിന് അവസാന പന്തില്‍ ഒരു റണ്‍സ് മാത്രാണ് നേടാനായത്. മുഹമ്മദ് നാസില്‍ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ജുന്‍ എ കെ പുറത്തായതോടെ തൃശൂരിന് സമ്മര്‍ദ്ദമായി. മൂന്നാം പന്തില്‍ വിനോദ് കുമാര്‍ ബൗണ്ടറി നേടിയെങ്കിലും ആ ഓവറില്‍ ആറ് റണ്‍സ് മാത്രം നേടാനെ തൃശൂരിനായുള്ളു. ഇതോടെ അവസാന രണ്ടോവറില്‍ ജയിക്കാന്‍ 14 റണ്‍സായി തൃശൂരിന്‍റെ ലക്ഷ്യം.
പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തില്‍ വിനോദ് കുമാറിനെ ശ്രീരൂപ് വീഴ്ത്തിയതോടെ ആലപ്പിക്ക് പ്രതീക്ഷയായി. എന്നാല്‍ പത്തൊമ്പതാം ഓവറില്‍ ഒരു ബൗണ്ടറി നേടിയ അജിനാസ് അവസാന ഓവറിലെ ലക്ഷ്യം ആറ് റണ്‍സാക്കി കുറച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ ഫോറും രണ്ടാം പന്തില്‍ സിക്സും നേടിയ അജിനാസ് തൃശൂരിന്‍റെ ജയം പൂര്‍ത്തിയാക്കി.50 പന്തില്‍ 49 റണ്‍സുമായി ഷോണ്‍ റോജര്‍ പുറത്താകാതെ നിന്നപ്പോള്‍ അഞ്ച് പന്തില്‍ 16 റണ്‍സുമായി അജിനാസും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ജയത്തോടെ എട്ട് മത്സരങ്ങളില്‍ 10 പോയന്‍റുമായി തൃശൂര്‍ കൊച്ചിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി സെമി ഉറപ്പിക്കുകയും ചെയ്തു.
നേരത്തെ തൃശൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമെ നേടാനായുള്ളു. 38 പന്തിൽ 49 റണ്‍സെടുത്ത അക്ഷയ് ടികെ മാത്രമാണ് ആലപ്പിക്ക് വേണ്ടി പൊരുതിയത്.അഭിഷേക് പി നായര്‍ 22 റണ്‍സെടുത്തപ്പോള്‍ ശ്രീരൂപ് എംപി 30 പന്തില്‍ 24 റണ്‍സടിച്ചു.തൃശൂരിന് വേണ്ടി സിബിന്‍ ഗിരീഷ് നാലു വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്ക് ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെ നഷ്ടമായി. അജിനാസിന്‍റെ നേരിട്ടുള്ള ത്രോയില്‍ അസറുദ്ദീന്‍ റണ്ണൗട്ടാവുകയായിരുന്നു.അഭിഷേക് നായര്‍ തകര്‍ത്തടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും അധികം നീണ്ടില്ല. നാലാം ഓവറിലെ രണ്ടാം പന്തില്‍ 17 പന്തില്‍ 22 റണ്‍സെടുത്ത അഭിഷേകിനെയും അവസാന പന്തില്‍ ജലജ് സക്സേനയെയും(1) മടക്കി വിനോദ് കുമാര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ആലപ്പി 26-3ലേക്ക് കൂപ്പുകുത്തി.മുഹമ്മദ് ഇനാൻ(7), ശ്രീഹരി നായര്‍(1), മുഹമ്മദ് നാസില്‍(0) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ആലപ്പി 128ല്‍ ഒതുങ്ങി. ഇന്നലെ നടന്ന മത്സരത്തില്‍ കൊച്ചിയോട് തോറ്റ ആലപ്പിക്ക് സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.
