Asianet News MalayalamAsianet News Malayalam

തോല്‍വിക്ക് കാരണം ഫീല്‍ഡിംഗ് പിഴവ്; വിമര്‍ശനവുമായി കാണികള്‍; സഞ്ജുവിനും മറ്റൊരു താരത്തിനും കയ്യടി

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടീം ഇന്ത്യ ആദ്യമായി തോറ്റതിന് കാരണം ഫീല്‍ഡിംഗ് പിഴവുകളെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു

Thiruvananthapuram T20I India Lost to Windies Fans Reaction
Author
The Sports Hub Trivandrum, First Published Dec 9, 2019, 10:05 AM IST

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ തോവിയുടെ നിരാശയിലാണ് ഇന്ത്യൻ ആരാധകർ. സഞ്ജുവിനെ കളിപ്പിക്കാതിരുന്നതിലെ രോഷം കാണികൾ മറച്ചുവച്ചില്ല. ഇന്ത്യന്‍ ടീമിന്‍റെ 'കൈവിട്ട കളി'യാണ് തോല്‍വിക്ക് കാരണമെന്ന് തറപ്പിച്ചുപറഞ്ഞു ആരാധകര്‍. 

ഹാട്രിക്ക് ജയം ഉറപ്പിച്ചാണ് ആരാധകർ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയത്. എല്ലാവരും കാത്തത് ഇരട്ടിമധുരം. ഇന്ത്യ ജയിക്കും, സഞ്ജു കളിക്കും. എന്നാല്‍ ആവേശലഹരി കൊടുമ്പിരിക്കൊണ്ടിരിക്കെ ടീമിൽ മാറ്റമില്ലെന്ന് കോലിയുടെ പ്രഖ്യാപനമെത്തി. അതോടെ ഗ്രീന്‍ഫീല്‍ഡിന്‍റെ മട്ടുംഭാവവും മാറി. സഞ്ജുവിന് ജയ് വിളിച്ചും പന്തിനെ കൂകിയുമാണ് ആരാധകര്‍ പ്രതികരിച്ചത്. ആരാധകരോക്ഷം അടക്കാന്‍ കോലിക്ക് ഇടപെടേണ്ടിവന്നു. 

സഞ്ജുവിനെ കളിപ്പിക്കാത്തതിലെയും തോല്‍വിയുടെയും നിരാശ മത്സരശേഷവും മറച്ചുവെച്ചില്ല ആരാധകര്‍. ഫീല്‍ഡിങ്ങിലെ പിഴവാണ് തോൽവിക്ക് കാരണം എന്ന് ആരാധകർ ഒന്നടങ്കം പറഞ്ഞു. എന്നാല്‍ അപ്രതീക്ഷിതമായി മൂന്നാമനായെത്തി ടി20 കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ ശിവം ദുബെയ്‌ക്ക് കയ്യടിച്ചു കാണികള്‍. തോൽവിയിൽ പതറാതെ ടീം ഇന്ത്യ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

കാര്യവട്ടം ട്വന്‍റി 20യിൽ എട്ട് വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യയുടെ 170 റൺസ് വിൻഡീസ് ഒൻപത് പന്ത് ശേഷിക്കേ മറികടന്നു. എവിൻ ലൂയിസ് നാൽപതിനും ഷിമ്രോൺ ഹെറ്റ്മെയ‍ർ 23നും മടങ്ങിയെങ്കിലും ലെൻഡിൽ സിമൺസിന്റെ 67 റൺസ് വിൻഡീസ് ജയം അനായാസമാക്കി. നിക്കോളസ് പുരാന്‍ പുറത്താകാതെ 18 പന്തില്‍ 38 റണ്‍സെടുത്തു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് ഒപ്പമെത്തി(1-1). 

Follow Us:
Download App:
  • android
  • ios