തിരുവനന്തപുരം: കാര്യവട്ടം ടി20യില്‍ ഇന്ത്യന്‍ വെടിക്കെട്ട് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ട് മണിക്കൂറിലധികം സമയം മാത്രമാണ് മത്സരം ആരംഭിക്കാന്‍ ബാക്കിയുള്ളത്. പരമ്പരയില്‍ ഒപ്പമെത്താന്‍ വിന്‍ഡീസ് ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ഒരു സുപ്രധാന നേട്ടവും മൈതാനത്ത് കാണാനായേക്കും.

ഇന്ന് 10 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്‌ട്ര ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ മാത്രം വിന്‍ഡീസ് താരമാകും നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. ഹൈദരാബാദില്‍ നടന്ന ആദ്യ ടി20യില്‍ മികച്ച ഫോമിലായിരുന്ന പൊള്ളാര്‍ഡ് ഈ നേട്ടം പിന്നിടുന്നത് കാര്യവട്ടത്ത് ആരാധകര്‍ക്ക് കാണാനായേക്കും. ഹൈദരാബാദില്‍ 19 പന്തില്‍ നാല് സിക്‌സുകള്‍ സഹിതം 37 റണ്‍സെടുത്തിരുന്നു പൊള്ളാര്‍ഡ്.

സഞ്ജു കളിക്കുമോ 

ആദ്യ ടി20യില്‍ ആറ് വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പിച്ച ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ കോലിപ്പടയ്‌ക്ക് പരമ്പര സ്വന്തമാക്കാം. 94 റണ്‍സെടുത്ത വിരാട് കോലിയുടെയും 62 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും മികവിലായിരുന്നു ഹൈദരാബാദിലെ ഇന്ത്യന്‍ ജയം. കാര്യവട്ടത്ത് മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.