തിരുവനന്തപുരം: വിരാട് കോലിയും രോഹിത് ശര്‍മ്മയും ഒരുമിച്ച് കളിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മഹാഭാഗ്യമെന്ന് വിന്‍ഡീസ് മുന്‍ താരം റിക്കാര്‍ഡോ പവല്‍. സ്ഥിരതയില്ലായ്‌മ ആണ് വിന്‍ഡീസ് ബാറ്റ്സ്‌മാന്മാരുടെ പോരായ്‌മ എന്നും പവല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20ക്കായി എത്തിയതായിരുന്നു മുന്‍ താരം. 

'ഇന്ത്യയെ ഞെട്ടിച്ച പല ഇന്നിംഗ്സുകള്‍ കളിച്ചിട്ടും ഇന്ത്യയിൽ ലഭിക്കുന്ന സ്‌നേഹത്തിൽ അത്ഭുതപ്പെടാറുണ്ട്. ഇന്ത്യയിൽ ഇന്ത്യയെ വീഴ്‌ത്തുക എളുപ്പമല്ല. രോഹിത് ശര്‍മ്മ- വിരാട് കോലി താരതമ്യം അനുചിതമാണ്. ഹെറ്റ്മയറും പുരാനും അടങ്ങുന്ന വിന്‍ഡീസ് ബാറ്റിംഗ് നിരയ്‌ക്ക് ഇന്ത്യന്‍ ബാറ്റ്സ്‌മാന്മാരില്‍ നിന്ന് പഠിക്കാനേറെയെന്നും' പവല്‍ പറഞ്ഞു. ട്വന്‍റി 20യുടെ വരവിന് മുന്‍പ് വെടിക്കെട്ട് ബാറ്റിംഗിലൂടെ വിന്‍ഡീസ് ടീമിൽ ശ്രദ്ധ നേടിയ താരമാണ് റിക്കാര്‍ഡോ പവല്‍.

ആദ്യ ടി20യില്‍ ആറ് വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പിച്ച ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ കോലിപ്പടയ്‌ക്ക് പരമ്പര സ്വന്തമാക്കാം. 94 റണ്‍സെടുത്ത വിരാട് കോലിയുടെയും 62 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും മികവിലായിരുന്നു ഹൈദരാബാദിലെ ഇന്ത്യന്‍ ജയം. മലയാളി താരം സ‍ഞ്ജു സാംസണ് ജന്മനാട്ടിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.