തിരുവനന്തപുരം: ടീം ഇന്ത്യയെ ഇന്ത്യയില്‍ നേരിടുക വലിയ തലവേദനയാണ് എന്നാണ് എല്ലാ ടീമുകളുടെയും വിലയിരുത്തല്‍. എന്നാല്‍ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ആ വെല്ലുവിളിയൊന്നും ഒരു പ്രശ്‌നമേയല്ല. വിവിധ ടി20 ലീഗുകളിലും ഐപിഎല്ലിലും കളിച്ച് തഴമ്പിച്ച വിന്‍ഡീസ് അത്ഭുതം കാട്ടുമെന്ന് ഉറപ്പാണ്. അത് വ്യക്തമാക്കി കാര്യവട്ടം ടി20യില്‍ തകര്‍പ്പന്‍ ജയം നേടിയാണ് വിന്‍ഡീസ് മടങ്ങുന്നത്. മൂന്നാം ടി20ക്കായി മുംബൈയിലേക്ക് പറക്കുമ്പോള്‍ ഒരു സുപ്രധാന നേട്ടവും വിന്‍ഡീസ് താരങ്ങളുടെ കീശയിലുണ്ട്. 

ടി20യില്‍ ഇന്ത്യക്കെതിരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ തങ്ങളുടെ രണ്ടാമത്തെ മത്സരമാണ് കാര്യവട്ടത്ത് വിന്‍ഡീസ് പൂര്‍ത്തിയായത്. ഇന്നലെ 12 സിക്‌സുകള്‍ വിന്‍ഡീസ് താരങ്ങള്‍ ഗാലറിയിലേക്ക് പറത്തി. ഈ പരമ്പരയില്‍ തന്നെ ഹൈദരാബാദില്‍ നടന്ന ആദ്യ ടി20യാണ് വിന്‍ഡീസ് ഇന്ത്യയില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ടി20 മത്സരം. 15 സിക്‌സുകള്‍ ഹൈദരാബാദില്‍ ഗാലറിയിലെത്തി. 2016ല്‍ മുംബൈയില്‍ നേടിയ 11 സിക്‌സുകളായിരുന്നു പരമ്പര തുടങ്ങും മുന്‍പുണ്ടായിരുന്ന റെക്കോര്‍ഡ്. 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ സിമ്മന്‍സ് നാലും ലൂയിസും ഹെറ്റ്‌മയറും മൂന്ന് വീതവും പുരാന്‍ രണ്ടും സിക്‌സുകള്‍ നേടി. ആദ്യം ബാറ്റ് ചെയ്ത കോലിപ്പട അഞ്ച് സിക്‌സുകള്‍ മാത്രമാണ് നേടിയത്. ഇന്ത്യയുടെ 170 റൺസ് വിൻഡീസ് ഒൻപത് പന്ത് ശേഷിക്കേ മറികടന്നു. ലെൻഡിൽ സിമൺസിന്റെ 67 റൺസാണ് കരീബിയന്‍ പടയ്‌ക്ക് ജയം സമ്മാനിച്ചത്. നിക്കോളസ് പുരാന്‍ പുറത്താകാതെ 18 പന്തില്‍ 38 റണ്‍സെടുത്തു.