Asianet News MalayalamAsianet News Malayalam

'അതൊരിക്കലും സത്യമാവാനിടയില്ല', ടി20 ലോകകപ്പ് ടീമിൽ നിന്ന് വിരാട് കോലിയെ പുറത്താക്കാനാവില്ലെന്ന് ബ്രോ‍ഡ്

ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനാണെങ്കിലും മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന കോലിയുടെ സ്ട്രൈക്ക് റേറ്റ് ഇന്ത്യയുടെ സ്കോറിംഗിനെ ബാധിക്കുന്നുവെന്ന ആക്ഷേപം മുന്നേയുണ്ട്.

This Can't Be True: Stuart Broad Responds to Reports Of Virat Kohli will not be in India's T20 World Cup team
Author
First Published Mar 13, 2024, 12:37 PM IST

ലണ്ടന്‍: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്ക് ഇടമുണ്ടാകില്ലെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഇംഗ്ലണ്ട് പേസ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ്. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടു നിന്ന കോലി ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് കുപ്പായത്തില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്.

എന്നാലിത് സത്യമാകാനിടയില്ലെന്ന് തുറന്നു പറയുകയാണ് ഇംഗ്ലീഷ് പേസ് ഇതിഹസമായ സ്റ്റുവര്‍ട്ട് ബ്രോഡ്. ഒരു ആരാധകന്‍റെ കാഴ്ചപ്പാടില്‍ പറയുകയാണെങ്കില്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചക്കായി അമേരിക്കയിലാണ് ഐസിസി ഇത്തവണ ലോകകപ്പ് നടത്തുന്നത്. ന്യൂയോര്‍ക്കിലാണ് ഇന്ത്യ-പാകിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം നടക്കുന്നത്. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന താരമാണ് വിരാട് കോലി. അതുകൊണ്ടുതന്നെ അദ്ദേഹം ലോകകപ്പ് ടീമിലെത്തുമെന്ന് എനിക്കുറപ്പാണെന്നും ബ്രോഡ് എക്സ് പോസ്റ്റില്‍ പറഞ്ഞു.

ക്രിക്കറ്റിൽ വമ്പൻമാർ, പഠിത്തം 10-ാം ക്ലാസും ഗുസ്‍തിയും, കോലിയുടെ വിദ്യാഭ്യാസ യോഗ്യതയോ?; ആ താരം എഞ്ചിനീയർ

ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനാണെങ്കിലും മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന കോലിയുടെ സ്ട്രൈക്ക് റേറ്റ് ഇന്ത്യയുടെ സ്കോറിംഗിനെ ബാധിക്കുന്നുവെന്ന ആക്ഷേപം മുന്നേയുണ്ട്. മെല്ലെത്തുടങ്ങി ഇന്നിംഗ്സിനൊടുവില്‍ അടിച്ചു കളിക്കുന്നതാണ് കോലിയുടെ ശൈലി. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലെ സ്ലോ പിച്ചുകളില്‍ കോലിയുടെ ഈ ശൈലി തിരിച്ചടിയാകുമെന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്. കോലിയെ ഉള്‍പ്പെടുത്തിയാല്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതിരിക്കാനാവില്ല. യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണറാകുമെന്ന് കരുതുന്ന ടീമില്‍ മൂന്നാം നമ്പറില്‍ കോലി വേണോ ശുഭ്മാന്‍ ഗില്‍ വേണോ എന്നതാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള ചോദ്യം. എന്തായാലും കോലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെ ചുമതലപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

2022ലെ ലോകകപ്പിനുശേഷം ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ കളിക്കാത്ത കോലിയെ ഈ വര്‍ഷം ആദ്യം അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയാലും കോലിയുടെ ബാറ്റിംഗ് പൊസിഷന്‍ ടീം സന്തുലനത്തെ തകിടം മറിക്കുമെന്നതും സെലക്ടര്‍മാരെ അലട്ടുന്നുണ്ട്. ടി20 ക്രിക്കറ്റില്‍ കോലിയെക്കാള്‍ സംഭാവന ചെയ്യാനാകുക സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശിവം ദുബെ, തിലക് വര്‍മ തുടങ്ങിയ താരങ്ങള്‍ക്കാണെന്നും സെലക്ടര്‍മാര്‍ വിലയിരുത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios