ആറ് ഓവര്‍ ശേഷിക്കേ ഇംഗ്ലണ്ടിന് ജയിക്കാന്‍ 17 റണ്‍സ് വേണ്ടപ്പോഴായിരുന്നു ദീപ്‌തി ശ‍ര്‍മ്മ പന്ത് കൈയില്‍ നിന്ന് റിലീസ് ചെയ്യും മുമ്പ് ചാര്‍ളി ഡീന്‍ ക്രീസ് വിട്ടിറങ്ങിയത്

ലോര്‍ഡ്‌സ്: ഐപിഎല്ലിലെ മങ്കാദിങ് വിവാദം ആരാധകര്‍ക്ക് ഓര്‍മ്മ കാണും. മങ്കാദിങ് ക്രിക്കറ്റിന്‍റെ മഹനീയതയ്ക്ക് യോജിച്ചതോ എന്ന തരത്തില്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചൂടന്‍ ചര്‍ച്ച വീണ്ടും പൊടിപൊടിക്കുകയാണ്. ഇക്കുറിയും ഒരു ഇന്ത്യന്‍ താരമാണ് വിമര്‍ശകരുടെ പട്ടികയില്‍ പ്രതിസ്ഥാനത്ത്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ട് വനിതാ ബാറ്റര്‍ ചാര്‍ളി ഡീനിനെ മങ്കാങ്ങിലൂടെ പുറത്താക്കുകയായിരുന്നു ഇന്ത്യന്‍ സ്‌പിന്നര്‍ ദീപ്‌തി ശര്‍മ്മ. ദീപ്‌തിയെ വിമര്‍ശിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ് അടക്കമുള്ള ഇംഗ്ലീഷ് താരങ്ങള്‍ രംഗത്തെത്തിയപ്പോള്‍ ദീപ്‌തിക്ക് പൂര്‍ണപിന്തുണ നല്‍കിയിരിക്കുകയാണ് വീരേന്ദര്‍ സെവാഗ് ഉള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങള്‍. 

ആറ് ഓവര്‍ ശേഷിക്കേ ഇംഗ്ലണ്ടിന് ജയിക്കാന്‍ 17 റണ്‍സ് വേണ്ടപ്പോഴായിരുന്നു ദീപ്‌തി ശ‍ര്‍മ്മ പന്ത് കൈയില്‍ നിന്ന് റിലീസ് ചെയ്യും മുമ്പ് ചാര്‍ളി ഡീന്‍ ക്രീസ് വിട്ടിറങ്ങിയത്. ഉടന്‍ ബെയ്‌ല്‍സ് ഇളക്കിയ ദീപ്‌തിക്ക് ക്രിക്കറ്റ് നിയമങ്ങളുടെ പരിരക്ഷയുണ്ടായിരുന്നു. ബൗളര്‍ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍-സ്ട്രൈക്കറെ പുറത്താക്കാന്‍ ക്രിക്കറ്റ് നിയമം അനുവദിക്കുന്നുണ്ട്. എന്നിട്ടും ദീപ്‌തിയെ ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു സ്റ്റുവര്‍ട്ട് ബ്രോഡും സാം ബില്ലിങ്‌സും ഉള്‍പ്പടെയുള്ള ഇംഗ്ലീഷ് പുരുഷ താരങ്ങള്‍.

എന്നാല്‍ ദീപ്‌തിക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണ് വീരേന്ദര്‍ സെവാഗ്, വസീം ജാഫര്‍ ഉള്‍പ്പടെയുള്ള ഇന്ത്യയുടെ മുന്‍ താരങ്ങള്‍. മങ്കാദിങ്ങിന്‍റെ പേരില്‍ മുമ്പില്‍ വിവാദത്തിലായ ആര്‍ അശ്വിനും ദീപ്‌തിക്ക് തുണയായെത്തി. മത്സര ശേഷം വിവാദ പുറത്താക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നല്‍കുകയും ചെയ്തു. 'പുതുതായി ഒന്നും ചെയ്തിട്ടില്ല. ഐസിസിയുടെ ക്രിക്കറ്റ് നിയമത്തിലുള്ളതേ നടപ്പിലാക്കിയിട്ടുള്ളൂ. ഇത്തരം അവസരങ്ങള്‍ അതിനാല്‍ത്തനെ ഉപയോഗിക്കാം. ആദ്യം വീണ 9 വിക്കറ്റുകളെ കുറിച്ച് നിങ്ങള്‍ ചോദിക്കുമെന്ന് പ്രതീക്ഷിച്ചു' എന്നുമായിരുന്നു ഹര്‍മന്‍റെ പ്രതികരണം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

എങ്കിലും ചാര്‍ളി ഡീന് തന്‍റെ വിക്കറ്റ് വിശ്വസിക്കാനായില്ല. കരഞ്ഞുകൊണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈകൊടുത്താണ് ചാര്‍ളി ഡീന്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. ഡീനിന്‍റെ വിക്കറ്റ് ഇംഗ്ലണ്ട് സഹതാരങ്ങള്‍ക്കും വിശ്വസിക്കാനുമായില്ല. ഇതിഹാസ പേസര്‍ ജൂലൻ ഗോസ്വാമിയുടെ വിടവാങ്ങൽ മത്സരം കൂടിയായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ വനിതകള്‍ 16 റൺസിന് തോൽപിച്ചു. ഇതോടെ ഹര്‍മനും സംഘവും 3-0ന് പരമ്പര തൂത്തുവാരി. 

പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങിയ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബില്‍ ബ്രൗണിനെ ഇന്ത്യന്‍ ഇതിഹാസം വിനൂ മങ്കാദ് റണ്ണൗട്ടാക്കിയതോടെയാണ് മങ്കാദിംഗ് ആദ്യമായി പൊതുവേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. 1948ലായിരുന്നു ഈ സംഭവം. ബൗണിന്‍റെ പുറത്താകലിനെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് മങ്കാദിങ് എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ നോണ്‍-സ്ട്രൈക്കറെ മങ്കാദിങ്ങിലൂടെ പുറത്താക്കുന്നതിനെ റണ്ണൗട്ടായാണ് ഐസിസി പുതിയ നിയമത്തില്‍ വിശേഷിപ്പിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ ജോസ് ബട്‌ലറെ പഞ്ചാബ് കിംഗ്‌സ് നായകനായിരുന്ന രവിചന്ദ്രന്‍ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു.

ദീപ്തി ചെയ്തതില്‍ തെറ്റില്ല! വിതുമ്പലോടെ ചാര്‍ലോട്ട് ഡീന്‍; വിവാദങ്ങള്‍ക്കിടയാക്കിയ റണ്ണൗട്ട് വീഡിയോ കാണാം