ഐപിഎല്ലിന് സമാനമായി നടത്തുന്ന ലെജൻഡ്സ് ലീഗിൽ വിരമിച്ച താരങ്ങളുടെ വൻനിരയാണുള്ളത്

കൊൽക്കത്ത: ഇതിഹാസ താരങ്ങളുടെ മത്സരങ്ങൾ കാണാൻ ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും അവസരം. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന് സെപ്റ്റംബർ 16ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ തുടക്കമാകും. എട്ട് രാജ്യങ്ങളിലെ ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന റോഡ് സേഫ്റ്റി സീരീസിനൊപ്പം ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റും ക്രിക്കറ്റ് ആരാധകർക്ക് വിരുന്നാകും.

ആവേശം വിതറാന്‍ ഇതിഹാസ നിര

ഐപിഎല്ലിന് സമാനമായി നടത്തുന്ന ലെജൻഡ്സ് ലീഗിൽ വിരമിച്ച താരങ്ങളുടെ വൻനിരയാണുള്ളത്. സിക്സ്റ്റി ലീഗിലൂടെ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ൽ, വീരേന്ദർ സെവാഗ്, യൂസഫ് പത്താൻ, റോസ് ടെയ്‌ലർ, ജാക്വിസ് കാലിസ്, ബ്രെറ്റ് ലീ, ഷെയ്ൻ വാട്‌സൺ, ലാൻസ് ക്ലൂസ്നർ, മുഹമ്മദ് കൈഫ്, എസ് ശ്രീശാന്ത്, മുത്തയ്യ മുരളീധരൻ, ഡാനിയേൽ വെട്ടോറി, മിച്ചൽ ജോൺസൻ തുടങ്ങിയവർ വിവിധ ടീമുകൾക്കായി അണിനിരക്കും. 4 ടീമുകളാണ് ലീഗിലുള്ളത്. വിരേന്ദർ സേവാഗ് നയിക്കുന്ന ഗുജറാത്ത് ജയന്‍റ്സ്, ഗൗതം ഗംഭീർ ക്യാപ്റ്റനായ ഇന്ത്യ ക്യാപിറ്റൽസ്, ഹർഭജൻ സിംഗിന്‍റെ നേതൃത്വത്തിലിറങ്ങുന്ന മണിപ്പാൽ ടൈഗേർസ്, ഇ‌ർഫാൻ പത്താന്‍റെ ഭിൽവാരാ കിംഗ്സ് എന്നിവയാണ് ടീമുകള്‍.

8 കോടി രൂപ വീതമാണ് നാല് ടീമുകൾക്കും താരങ്ങളെ സ്വന്തമാക്കാൻ പരമാവധി നൽകിയ തുക. 16 മത്സരങ്ങളാണ് ടീമുകൾ കളിക്കുക. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ പ്രദർശന മത്സരത്തോടെയാണ് സീസണിന് തുടക്കമാവുക. ലഖ്നൗ, ദില്ലി, കട്ടക്, ജോധ്പൂർ എന്നിവിടങ്ങളിലാണ് പ്രാഥമികറൗണ്ട് മത്സരങ്ങൾ നടക്കുക. പ്ലേഓഫ്, ഫൈനൽ മത്സരങ്ങളുടെ വേദി തീരുമാനമായില്ല. ടി20 ഫോര്‍മാറ്റിലാണ് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. ആദ്യമായാണ് ടൂര്‍ണമെന്‍റിന് ഇന്ത്യ വേദിയാവുന്നത്. പ്രഥമ സീസണില്‍ ഒമാനായിരുന്നു വേദി.

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലേക്ക് യൂണിവേഴ്‌സ് ബോസിന്‍റെ മാസ് എന്‍ട്രി; കളിക്കുക സെവാഗിനൊപ്പം