പൂനെ: ഇന്ത്യക്കായുള്ള ഏകദിന അരങ്ങേറ്റത്തില്‍ തന്നെ 26 പന്തില്‍ അര്‍ധസെഞ്ചുറിയുമായി റെക്കോര്‍ഡിട്ടശേഷം അഭിമുഖത്തിനായി എത്തിയപ്പോള്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞ് ക്രുനാല്‍ പാണ്ഡ്യ. ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായശേഷമായിരുന്നു ഗ്രൗണ്ടില്‍ വികാരനിര്‍ഭരരംഗങ്ങള്‍ അരങ്ങേറിയത്.

26 പന്തില്‍ അര്‍ധസെഞ്ചുറിയുമായി അരങ്ങേറ്റത്തിലെ അതിവേഗ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡ് ക്രുനാല്‍ ഇന്ന് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം ക്രുനാലിനെ അഭിമുഖത്തിനായി കമന്‍റേറ്റര്‍ കൂടിയായ മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്ക് ക്ഷണിച്ചപ്പോഴാണ് ക്രുനാല്‍ വാക്കുകള്‍ മുറിഞ്ഞ് പൊട്ടിക്കരഞ്ഞത്.

ഈ അര്‍ധസെഞ്ചുറി ഞാന്‍  എന്‍റെ അച്ഛന് സമര്‍പ്പിക്കുന്നു ക്ഷമിക്കണം, എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് ക്രുനാല്‍ സഹോദരന്‍ ഹര്‍ദ്ദിക്കിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. ഈ വര്‍ഷം ആദ്യമാണ് ക്രുനാലിന്‍റെയും ഹര്‍ദ്ദിക്കിന്‍റെ പിതാവ് ഹിമാന്‍ശു പാണ്ഡ്യ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. നേരത്തെ ഇന്ത്യന്‍ ഏകദിന ക്യാപ് അണിഞ്ഞശേഷവും ക്രുനാല്‍ കണ്ണീരണിഞ്ഞിരുന്നു.