സമൂഹമാധ്യമങ്ങളില്‍ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും അതിന്‍റെ ആധികാരികത പരിശോധിക്കണമെന്നും കുംബ്ലെ.
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലും വിരാട് കോലി നിരാശപ്പെടുത്തിയതിന് പിന്നാലെ താന്‍ രൂക്ഷ വിമര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ ഇന്ത്യൻ താരം അനില്‍ കുംബ്ലെ. ബ്രിസ്ബേന്‍ ടെസ്റ്റില്‍ മൂന്ന് റണ്‍സിന് പുറത്തായ വിരാട് കോലിയെ എന്തുകൊണ്ട് ആരും ചോദ്യം ചെയ്യുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റിലെ ഫ്രീ വിക്കറ്റാണ് കോലിയുടേതെന്നും കോലി വിരമിച്ച് ലണ്ടനില്‍ സ്ഥിരതാമസമാക്കേണ്ട കാലം അതിക്രമിച്ചുവെന്നും കുംബ്ല കമന്‍ററിക്കിടെ പറഞ്ഞതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുംബ്ലെയുടെ വാക്കുകള്‍ ആരാധകര്‍ വ്യാപകമായി പങ്കുവെക്കുകയും ചെയ്തു.
എന്നാല്‍ ഇതൊന്നും താന്‍ പറഞ്ഞതല്ലെന്നും തന്‍റെ ചിത്രം വെച്ച് ചിലര്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളില്‍ തനിക്ക് യാതൊരു ഉത്തരവാദിത്തമില്ലെന്നും കുംബ്ലെ എക്സ് പോസ്റ്റില്‍ പറഞ്ഞു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും കുംബ്ലെ ഇന്നലെ രൂക്ഷ വിമര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇതൊന്നും തന്‍റെ അഭിപ്രായമല്ലെന്നും കുംബ്ലെ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും അതിന്‍റെ ആധികാരികത പരിശോധിക്കണമെന്നും കുംബ്ലെ പറഞ്ഞു. തന്‍റെ വെരിഫൈഡ് സോഷ്യല്‍ മീഡീയ അക്കൗണ്ടുകളില്‍ വരുന്നത് മാത്രമാണ് തന്‍റെ അഭിപ്രായങ്ങളെന്നും അല്ലാത്തവ തള്ളിക്കളയണമെന്നും കുംബ്ലെ പറഞ്ഞു. നേരത്തെ മുന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്കറും വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഗവാസ്കറുടേതെന്ന പേരില്‍ ഒരു വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കോളം തന്‍റെ അറിവോടെയല്ലെന്ന് ഗവാസ്കര്‍ വിശദീകരിച്ചിരുന്നു.
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച് കോലി 3 റണ്‍സ് മാത്രമെടുത്ത് പുറത്തായതിന് പിന്നാലെ ആരാധകര്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിരുന്നു. ഇതിനിടെയാണ് കുംബ്ലയുടേതെന്ന പേരിലുള്ള എക്സ് പോസ്റ്റുകളും പ്രചരിച്ചത്.
