സത്യസന്ധമായി പറഞ്ഞാൽ അക്ഷര്‍ എടുത്ത ആ രണ്ട് ക്യാച്ചുകളാണ് മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം. സമ്മർദ്ദഘട്ടങ്ങളിൽ അക്ഷർ ആ ക്യാച്ചുകൾ എടുത്ത രീതി അഭിനന്ദനാർഹമാണ്.
മുംബൈ: ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയോട് ഏഴ് റൺസിന് തോറ്റ് പുറത്തായതിന് പിന്നാലെ, മത്സരത്തിന്‍റെ ഗതിമാറ്റിയ നിമിഷങ്ങളെക്കുറിച്ച് മനസ് തുറന്ന് ഇംഗ്ലണ്ട് മുഖ്യ പരിശീലകന്‍ ബ്രണ്ടൻ മക്കല്ലം. ഇന്ത്യ ഉയർത്തിയ 254 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റൺസ് വരെ എത്തിയെങ്കിലും അക്സർ പട്ടേലിന്‍റെ അവിശ്വസനീയമായ ക്യാച്ചുകളും സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗും ജസ്പ്രീത് ബുമ്രയുടെ ഡെത്ത് ഓവറുമാണ് ഇംഗ്ലണ്ടിന്‍റെ വിജയം തടഞ്ഞതെന്ന് സ്കൈ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ മക്കല്ലം പറഞ്ഞു.
സത്യസന്ധമായി പറഞ്ഞാൽ അക്ഷര്‍ എടുത്ത ആ രണ്ട് ക്യാച്ചുകളാണ് മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം. സമ്മർദ്ദഘട്ടങ്ങളിൽ അക്ഷർ ആ ക്യാച്ചുകൾ എടുത്ത രീതി അഭിനന്ദനാർഹമാണ്. ഹാരി ബ്രൂക്കിനെയും വിൽ ജാക്സിനെയും പുറത്താക്കിയ ആ നിമിഷങ്ങൾ മത്സരത്തിലെ വഴിത്തിരിവായി. അഞ്ചാം ഓവറിൽ പിന്നിലേക്ക് ഓടി അക്സർ എടുത്ത ബ്രൂക്കിന്‍റെ ക്യാച്ചും, ബൗണ്ടറി ലൈനിൽ ശിവം ദുബെയുമായി ചേർന്ന് വിൽ ജാക്സിനെ പുറത്താക്കി റിലേ ക്യാച്ചും ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായിരുന്നു.
സഞ്ജു സാംസൺ നൽകിയ ക്യാച്ച് കൈവിട്ടതാണ് ഇംഗ്ലണ്ടിന് ഏറ്റവും വലിയ തിരിച്ചടിയായതെന്ന് മക്കല്ലം പറഞ്ഞു. 15 റൺസിൽ നിൽക്കെ സഞ്ജു നൽകിയ അവസരം ഹാരി ബ്രൂക്ക് പാഴാക്കിയിരുന്നു. സഞ്ജുവിനെപ്പോലെ ഫോമിലുള്ള ഒരു താരത്തിന് അവസരം നൽകിയാൽ അദ്ദേഹം അത് മുതലാക്കും. വാംഖഡെയിലെ സാഹചര്യങ്ങൾ സഞ്ജു കൃത്യമായി ഉപയോഗിച്ചു. സഞ്ജുവിന്‍റെ ബാറ്റിംഗ് ഞങ്ങളെ സമ്മർദ്ദത്തിലാക്കി. ഒരിക്കൽ താളം കണ്ടെത്തിയാൽ സഞ്ജുവിനെ തടയുക പ്രയാസമാണെന്നും മക്കല്ലം പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 97 റൺസെടുത്ത സഞ്ജു, ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസാണ് അടിച്ചുകൂട്ടിയത്.
ജസ്പ്രീത് ബുംറയുടെ ബൗളിംഗിനെയും മക്കല്ലം പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്നും 18-ാം ഓവറിൽ വെറും 6 റൺസ് മാത്രം നൽകി ബുംറ മത്സരം ഇന്ത്യയുടെ കൈപ്പിടിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ബുംറക്കെതിരെ കുറച്ചു കൂടി റിസ്ക് എടുക്കാന്‍ തയാറാവണമായിരുന്നുവെന്നും ഏത് ബോളാണ് യോര്‍ക്കറെന്നും ഏതാണ് സ്ലോ ബോളെന്നും തിരിച്ചറിഞ്ഞ് ആക്രമിച്ചിരുന്നെങ്കില്‍ ബുംറയെ സമ്മര്‍ദ്ദത്തിലാക്കാമായിരുന്നുവെന്നും മക്കല്ലം പറഞ്ഞു. ബാറ്റിംഗ് പിച്ചിലും 4 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ബുംറയുടെ പ്രകടനം ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
