Asianet News MalayalamAsianet News Malayalam

മൂന്ന് പാക് താരങ്ങള്‍ക്ക് ലക്ഷണങ്ങളില്ലാത്ത കൊവിഡ്; പരിശോധിച്ചത് ഇംഗ്ലീഷ് പരമ്പരയ്ക്ക് മുന്നോടിയായി

പാകിസ്ഥാന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പ്പിണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനയ്ക്ക് മുമ്പ് മൂന്ന് താരങ്ങള്‍ക്കും ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ല.

three pakistan cricket players test covid positive
Author
Rawalpindi, First Published Jun 22, 2020, 10:36 PM IST

റാവല്‍പ്പിണ്ടി: മൂന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടെ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്. പാകിസ്ഥാന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പ്പിണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

പരിശോധനയ്ക്ക് മുമ്പ് മൂന്ന് താരങ്ങളും ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ല. ജൂലൈ അവസാനമാണ് പാകിസ്ഥാന്‍റെ ഇംഗ്ലീഷ് പര്യടനം തുടങ്ങുന്നത്. മൂന്ന് ടെസ്റ്റും മൂന്ന് ട്വന്‍റി 20കളുമാണ് ടീം ഇംഗ്ലണ്ടില്‍ കളിക്കുക. നേരത്തെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ വ്യക്തമാക്കിയത്. കൂടാതെ, പാകിസ്ഥാന്റെ മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. സര്‍ഫ്രാസ് മരണപ്പെടുകയായിരുന്നു. ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്റഫി മൊര്‍ത്താസക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. മൊര്‍ത്താസയുടെ സഹോദരന്‍ മൊര്‍സാലിന്‍ മൊര്‍ത്താസയാണ് മഷ്റഫിക്ക് കൊവിഡ‍് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.

രണ്ട് ദിവസമായി പനിയുണ്ടായിരുന്ന മൊര്‍ത്താസയെ വെള്ളിയാഴ്ച രാത്രിയാണ് കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനിലാണ് മൊര്‍ത്താസയിപ്പോഴെന്നും സഹോദരന്‍ വ്യക്തമാക്കി. ബംഗ്ലാദേശിലെ കൊവിഡ് ബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയ താരമാണ് മഷ്റഫി മൊര്‍ത്താസ. തന്റെ ജന്‍മനാടായ ലൊഹാഗ്രയിലെ നരാലിയിലുള്ള കൊവിഡ് ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങള്‍ക്ക് മൊര്‍ത്താസ ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios