കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റിനെ ചൊല്ലി പുതിയ വിവാദം. അണ്ടര്‍ 19 ഏഷ്യ കപ്പിനിടെ മൂന്ന് താരങ്ങള്‍ മദ്യപിച്ച് അവശരായി എന്നതാണ് പുതിയ സംഭവം. സെമി മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെ ഹോട്ടലിലേക്ക് മടങ്ങിയ താരങ്ങളാണ് ഛര്‍ദിച്ച് പ്രശ്‌നമുണ്ടാക്കിയത് എന്നാണ് ഏഷ്യന്‍ ഏജിന്‍റെ റിപ്പോര്‍ട്ട്. 

താരങ്ങള്‍ ഛര്‍ദിച്ചയുടനെ ടീം ഡോക്‌ടറെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. രക്‌ത പരിശോധനയില്‍ താരങ്ങള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തെ കുറിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷിച്ചുവരികയാണ്. എന്നാല്‍ ഈ മൂന്ന് താരങ്ങള്‍ ആരെന്ന് ബോര്‍ഡ് പുറത്തുവിട്ടിട്ടില്ല. താരങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ഇതിനകം ആവശ്യമുയര്‍ന്നിട്ടുണ്ട്. 

പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സീനിയര്‍ താരങ്ങളടക്കം വിട്ടുനില്‍ക്കുന്നതിന് പിന്നാലെയാണ് പുതിയ സംഭവം ലങ്കന്‍ ബോര്‍ഡിന് തലവേദനയാവുന്നത്. ലസിത് മലിംഗ, കരുണരത്നെ, എയ്ഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ പേരേര, ധനഞ്ജയ ഡിസില്‍വ, തിസാര പേരേര, അഖില ധനഞ്ജയ, സുരംഗ ലക്‌മല്‍, ദിനേശ് ചണ്ഡിമല്‍ എന്നിവരാണ് പരമ്പരയില്‍ കളിക്കാത്തത്.