മഴയെ തുടർന്ന് ഒൻപത് ഓവറിൽ 83 റൺസായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യം, കെ ആർ. രോഹിതിന്റെയും മൊഹമ്മദ് ഇനാന്റെയും മികവിൽ നാല് വിക്കറ്റിന് തൃശൂർ സ്വന്തമാക്കി.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്. തോല്‍വിയുടെ വക്കില്‍ നിന്നും ഉജ്ജ്വലമായി തിരിച്ചുവന്നാണ് ടൈറ്റന്‍സ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. കൗമാര താരങ്ങളായ കെ ആര്‍. രോഹിതിന്റെയും മൊഹമ്മദ് ഇനാന്റെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ് തൃശൂരിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ ആറ് വിക്കറ്റിന് 172 റണ്‍സെടുത്തു. മഴയെ തുടര്‍ന്ന് ഒന്‍പത് ഓവറില്‍ 83 റണ്‍സായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍, നാല് പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 20 ഓവറില്‍ 172/6 തൃശൂര്‍ ടൈറ്റന്‍സ് 8.2 ഓവറില്‍ 83/6 (വിജയലക്ഷ്യം വിജെഡി : ഒന്‍പത് ഓവറില്‍ 83)

തൃശൂരിനെതിരെ പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായിട്ടായിരുന്നു കൊച്ചി കളിക്കാനിറങ്ങിയത്. വിനൂപ് മനോഹരനൊപ്പം ഇന്നിങ്‌സ് തുറന്ന ജോബിന്‍ ജോബി തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്. ആനന്ദ് ജോസഫിനെ ആദ്യ ഓവറില്‍ രണ്ട് തവണ അതിര്‍ത്തി കടത്തിയ ജോബിന്‍, ആസിഫ് സലാം എറിഞ്ഞ രണ്ടാം ഓവറില്‍ തുടരെ ഒരു സിക്‌സും രണ്ട് ഫോറും നേടി. മറുവശത്ത് വിനൂപ് മനോഹരനും തകര്‍ത്തടിച്ചതോടെ 4.3 ഓവറില്‍ കൊച്ചിയുടെ സ്‌കോര്‍ അമ്പത് കടന്നു. 18 പന്തുകളില്‍ 33 റണ്‍സെടുത്ത ജോബിന്‍, ആനന്ദ് ജോസഫിന്റെ പന്തില്‍ അഹ്മദ് ഇമ്രാന്‍ ക്യാച്ചെടുത്താണ് പുറത്തായത്. തുടര്‍ന്നെത്തിയ മൊഹമ്മദ് ഷാനു ആദ്യ രണ്ട് പന്തുകളിലും ബൗണ്ടറിയുമായാണ് തുടങ്ങിയതെങ്കിലും എട്ട് റണ്‍സെടുത്ത് പുറത്തായി. 33 റണ്‍സെടുത്ത വിനൂപ് മനോഹരനെ എം.എസ്. അഖില്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ കൊച്ചിയുടെ റണ്ണൊഴുക്കിന് ബ്രേക്ക് വീണു.

തുടര്‍ന്നെത്തിയ പി.കെ. മിഥുന്‍ 11-ഉം ആദി അഭിലാഷ് 14-ഉം കാര്‍ത്തിക് ബി. നായര്‍ ആറും റണ്‍സെടുത്ത് പുറത്തായി. മധ്യനിര തകര്‍ന്നടിഞ്ഞപ്പോഴും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സച്ചിന്‍ സുരേഷും ആല്‍ഫി ഫ്രാന്‍സിസ് ജോണും ചേര്‍ന്ന് 29 പന്തുകളില്‍ നേടിയ 50 റണ്‍സാണ് കൊച്ചിയെ 172 എന്ന മികച്ച സ്‌കോറിലെത്തിച്ചത്. സച്ചിന്‍ 23-ഉം ആല്‍ഫി 27-ഉം റണ്‍സുമായി പുറത്താകാതെ നിന്നു. തൃശൂരിനായി എം.എസ്. അഖിലും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് കൗമാരതാരം കെ.ആര്‍. രോഹിത് തകര്‍പ്പന്‍ ഷോട്ടുകളുമായി മികച്ച തുടക്കം നല്‍കി. തൃശൂര്‍ 5.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്ത് നില്‍ക്കെ മഴ മൂലം കളി തടസ്സപ്പെട്ടു. വിജയലക്ഷ്യം ഒന്‍പത് ഓവറില്‍ 83 റണ്‍സായി പുനര്‍നിശ്ചയിച്ചതോടെ തൃശൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 22 പന്തുകളില്‍ 35 റണ്‍സാണ്. എന്നാല്‍ കളി പുനരാരംഭിച്ച് ആദ്യ രണ്ട് പന്തുകളില്‍ തന്നെ കെ.ആര്‍. രോഹിതും (35) എ.കെ. അര്‍ജുനും (0) മടങ്ങി. തൊട്ടടുത്ത ഓവറില്‍ സഞ്ജീവ് സതീശനും (4) നിഖില്‍ തോട്ടത്തും (0) കൂടി മടങ്ങിയതോടെ ആറ് വിക്കറ്റിന് 56 റണ്‍സെന്ന നിലയിലായിരുന്നു ടൈറ്റന്‍സ്.

നാല് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടത് 14 പന്തുകളില്‍ നിന്ന് 27 റണ്‍സ്. കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തില്‍ ക്രീസിലെത്തിയ മൊഹമ്മദ് ഇനാന്റെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ബേസില്‍ തമ്പി എറിഞ്ഞ എട്ടാം ഓവറില്‍ തുടരെ രണ്ട് സിക്‌സും ഒരു ഫോറും നേടിയാണ് ഇനാന്‍ കളി തൃശൂരിന് അനുകൂലമാക്കിയത്. നാല് പന്തുകള്‍ ബാക്കിനില്‍ക്കെ ടൈറ്റന്‍സ് ലക്ഷ്യത്തിലെത്തി. മൊഹമ്മദ് ഇനാന്‍ 18ഉം എം എസ് അഖില്‍ 16ഉം റണ്‍സുമായി പുറത്താകാതെ നിന്നു. കൊച്ചിക്ക് വേണ്ടി ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി.

YouTube video player